എലത്തൂരിലെ ഓട്ടോഡ്രൈവറുടെ മരണം ആന്തരിക ക്ഷതമേറ്റെന്ന് സംശയം

By Web TeamFirst Published Sep 22, 2019, 10:29 AM IST
Highlights

രാജേഷിനെ സിപിഎം മുന്‍ കൗണ്‍സിലറുടെ നേതൃത്വത്തിലുള്ള സംഘം റോഡ‍ിലിട്ട് ചവിട്ടി കൂട്ടിയെന്ന് ദൃക്സാക്ഷി മൊഴി 

കോഴിക്കോട്: എലത്തൂരിലെ ഓട്ടോ ഡ്രൈവറുടെ മരണം മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് സംശയം. സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച മനോവിഷമത്തില്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച എലത്തൂര്‍ എസ്കെ ബസാര്‍ സ്വദേശി രാജേഷിന്‍റെ മരണത്തിലാണ് ഡോക്ടര്‍മാര്‍ ഈ സംശയം പ്രകടിപ്പിക്കുന്നത്. 

ഇക്കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് എലത്തൂരില്‍ വച്ച് ബിജെപി പ്രവര്‍ത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായ രാജേഷിനെ സിപിഎം പ്രാദേശിക നേതാക്കളും സിഐടിയുകാരും അടങ്ങുന്ന സംഘം മര്‍ദ്ദിച്ചത്.  സിപിഎം പ്രവര്‍ത്തകരുടെ വളഞ്ഞിട്ടുള്ള മര്‍ദ്ദനത്തില്‍ മനംനൊന്ത രാജേഷ് ഓട്ടോയില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരാഴ്ചയോളം ചികിത്സയില്‍ തുടര്‍ന്ന രാജേഷ് ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്. 

പൊള്ളലേറ്റാണ് രാജേഷ് മരണപ്പെട്ടത് എന്നായിരുന്നു പുറത്തു വന്ന വാര്‍ത്ത. എന്നാല്‍ പൊള്ളലേറ്റതല്ല ആന്തരിക ക്ഷതമാണ് മരണകാരണമായത് എന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. രാജേഷിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരൂ.

അതേസമയം രാജേഷിന്‍റെ മരണത്തില്‍ പ്രതികളെ സഹായിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ കോടതിയില്‍ ഹാജരാക്കത്തത് ദുരൂഹമാണെന്നും ബിജെപി ആരോപിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാതെ രാജേഷിന്‍റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റെ ടിപി ജയചന്ദ്രന്‍ വ്യക്തമാക്കി. 

എലത്തൂര്‍ സ്റ്റാന്‍ഡില്‍ ബിജെപിക്കാരനായ രാജേഷ് ഓട്ടോ ഓടിക്കുന്നത് സിഐടിയുകാരായ മറ്റു ഓട്ടോ തൊഴിലാളികള്‍ തടഞ്ഞിരുന്നു ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് രാജേഷിനെ മര്‍ദ്ദിക്കുന്നതിലേക്ക് നയിച്ചത്. രാജേഷിനെ മര്‍ദ്ദിച്ച സംഘത്തിലുണ്ടായിരുന്ന ശ്രീലേഷ്, ഷൈജു എന്നീ സിപിഎം പ്രാദേശിക നേതാക്കളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിപ്പോള്‍ റിമാന്‍ഡിലാണ്. ഇവരെ കൂടാതെ മുപ്പതോളം സിഐടിയു-സിപിഎം പ്രവര്‍ത്തകരും കേസില്‍ പ്രതികളാണ്. 

ആത്മഹത്യശ്രമത്തിനിടെ അന്‍പത് ശതമാനത്തോളം പൊള്ളലേറ്റ രാജേഷ് സംസാരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു. അതിനാല്‍ തന്നെ പൊലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തിയിരുന്നില്ല. രാജേഷിന്‍റെ നില ഗുരുതരമാണെങ്കിലും ആശങ്കപ്പെടാനില്ലെന്നാണ് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചിരുന്നത് എന്നാണ് സൂചന. എന്നാല്‍ അപ്രതീക്ഷിതമായി ഇന്നലെ രാത്രി രാജേഷ് മരണപ്പെടുകയായിരുന്നു. 

രണ്ടാഴ്ച മുന്‍പാണ് രാജേഷ് ബാങ്ക് വായ്പ എടുത്ത് പുതിയ ഓട്ടോ വാങ്ങിയത്. കക്ക വാരലടക്കമുള്ള തൊഴിലുകള്‍  ചെയ്തു ജീവിച്ചിരുന്ന രാജേഷ് പണി കുറവായതോടെയാണ് ഓട്ടോ വാങ്ങിയത്. എന്നാല്‍ ഓട്ടോയുമായി എലത്തൂര്‍ സ്റ്റാന്‍ഡില്‍ എത്തിയ രാജേഷിനെ സിഐടിയുകാരായ ഓട്ടോ തൊഴിലാളികള്‍ തടഞ്ഞു. ഇതു രാജേഷ് ചോദ്യം ചെയ്തതോടെ ഇരുകൂട്ടരും തമ്മിലുള്ള വൈര്യം ശക്തമാവുകയും രാജേഷിനെ വളഞ്ഞിട്ട് തല്ലുന്ന അവസ്ഥയുണ്ടാവുകയുമായിരുന്നു. 

ക്രൂരമായ മര്‍ദ്ദനമാണ് രാജേഷ് നേരിടേണ്ടി വന്നതെന്ന് സംഭവത്തിന്‍റെ ദൃക്സാക്ഷിയും രാജേഷിന്‍റെ ബന്ധുവുമായ സജീവന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.കേസില്‍ റിമാന്‍ഡിലുള്ള മുന്‍കൗണ്‍സിലര്‍ ശ്രീലേഷിന്‍റെ നേതൃത്വത്തിലാണ് സിപിഎം-സിഐടിയു പ്രവര്‍ത്തകര്‍ രാജേഷിനെ ആക്രമിച്ചതെന്ന് സജീവന്‍ പറയുന്നു.

നല്ല രീതിയില്‍ രാജേഷുമായി സംസാരിച്ച സംഘം പൊടുന്നനെ രാജേഷിനെ മര്‍ദ്ദിക്കുകയായിരുന്നു. ഇതു തടയാനെത്തിയ തന്നെ ശ്രീലേഷും സംഘവും ഭീഷണിപ്പെടുത്തി. അക്രമികളെ തടഞ്ഞ മറ്റൊരു ബിജെപി പ്രവര്‍ത്തകനും മര്‍ദ്ദനമേറ്റു.  രാജേഷിനെ സംഘം അടിക്കുകയായിരുന്നില്ല. നിലത്തിട്ട് ചവിട്ടി കൂട്ടുകയാണ് ചെയ്തതെന്നും സജീവന്‍ പറയുന്നു. 

click me!