
കോട്ടയം: കോട്ടയം അറുന്നൂറ്റിമംഗലത്ത് ഓട്ടം പോകുന്നതിനായി വീട്ടിലേക്കു വിളിച്ചു വരുത്തിയ ഓട്ടോറിക്ഷ ഡ്രൈവറെ കുത്തി പരിക്കേല്‍പിച്ച ശേഷം ഗൃഹനാഥന്‍ വീടിനുള്ളില്‍ തുങ്ങി മരിച്ചു. കുത്തേറ്റ ഓട്ടോ ഡ്രൈവർ സ്വയം ഓട്ടോ ഓടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഓട്ടോ അപകടത്തിൽപ്പെട്ടു. വ്യക്തിപരമായ പ്രശ്നങ്ങളാണ് നാടകീയ സംഭവങ്ങൾക്ക് വഴിവച്ചതെന്ന് പൊലീസ് പറഞ്ഞു.
കടുത്തുരുത്തി അറുനൂറ്റിമംഗലം മുള്ളംമടയ്ക്കല്‍ ഷിബു ലൂക്കോസ് എന്ന നാൽപ്പത്തിയെട്ടുകാരൻ ആണ് തൂങ്ങി മരിച്ചത്. അറുനൂറ്റിമംഗലം സ്റ്റാന്റിലെ ഓട്ടോറിക്ഷ ഡ്രൈവറായ കെ.എസ്.പുരം വടക്കേ കണ്ണംകരയത്ത് വി. എസ്. പ്രഭാതിനാണ് കുത്തേറ്റത്. ഉച്ചയ്ക്കു 12 ഓടെ അറുനൂറ്റിമംഗലത്തായിരുന്നു സംഭവം.
ടാപ്പിംഗ് തൊഴിലാളിയായ ഷിബു, പ്രഭാതിനെ ഓട്ടം പോകുന്നതിനായി വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. വീട്ടിലെത്തിയ പ്രഭാതിനെ റബര്‍ കത്തി ഉപയോഗിച്ചു ഷിബു കുത്തി. നെഞ്ചിന് സമീപം കുത്തേറ്റ പ്രഭാത് ഓട്ടോറിക്ഷ ഓടിച്ചുക്കൊണ്ട് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഓട്ടത്തിനിടെ അറുനൂറ്റിമംഗലം സെയ്ന്റ് തോമസ് മലകയറ്റ പള്ളിയുടെ ഭാഗം പിന്നിട്ടപ്പോള്‍ കയറ്റത്തില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡരികിലെ ചെറിയ മതിലിലും വൈദ്യുതി പോസ്റ്റിനുമിടയിലേക്ക് ഇടിച്ചു കയറി നിന്നു.
കുത്തേറ്റ് രക്തം വാര്‍ന്ന നിലയില്‍ ഓട്ടോറിക്ഷയിലുണ്ടായിരുന്ന പ്രഭാതിനെ നാട്ടുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് ഇയാളെ കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയിലേക്കു മാറ്റി. കുത്തേറ്റ പ്രഭാത് ഓട്ടോറിക്ഷയുമായി വീട്ടില്‍ നിന്ന് പോയ ഉടന്‍ ഷിബു വീടിനുള്ളില്‍ കയറി തൂങ്ങി മരിക്കുകയായിരുന്നു. വ്യക്തിപരമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് ഷിബു, പ്രഭാതിനെ കുത്തിയതെന്ന് പോലീസ് പറഞ്ഞു. ഷിബുവിന്റെ മൃതദേഹം വെള്ളൂര്‍ പോലീസെത്തി മുട്ടുച്ചിറ എച്ച്.ജി.എം. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സിംഗപൂരില്‍ ജോലി ചെയ്യുന്ന ഷിബുവിന്റെ ഭാര്യ ഷീബ പിതാവിന്റെ മരണവുമായി ബന്ധപെട്ട് അടുത്തിടെയാണ് നാട്ടിലെത്തിയത്. വെള്ളിയാഴ്ച ജോലി സ്ഥലത്തേക്കു മടങ്ങി പോകാനിരിക്കെയാണ് ദാരുണസംഭവം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam