
കൊല്ലം: കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോർട്ടം നടത്താനായുള്ള അത്യാധുനിക മോർച്ചറി കോംപ്ലക്സ് സജ്ജം. കൊല്ലം , പത്തനംതിട്ട ജില്ലകളിലെ മെഡിക്കോ ലീഗൽ കേസുകൾ ഇവിടെയാണ് പോസ്റ്റുമോർട്ടം ചെയ്യുക. ഒരേ സമയം രണ്ടു മൃതദേഹങ്ങൾ ഇവിടെ ഇനി പോസ്റ്റുമോർട്ടം നടത്താന്‍ കഴിയും.
ഇതിനായി രണ്ട് ഇലക്ട്രിക് മേശകൾ സജ്ജമാക്കിയിട്ടുണ്ട്. മൃതദേഹം കഴുകാൻ ഉള്ള സംവിധാനം , ഉയരം ക്രമീകരിക്കാനുള്ള സംവിധാനം , ശരീര അവശിഷ്ടങ്ങൾ പൊടിച്ച് ദ്രവ രൂപത്തിൽ കളയാനുള്ള സംവിധാനം എന്നിവ ഇതിന്‍റെ പ്രത്യേകതകൾ ആണ്. 16 മൃതദേഹങ്ങൾ സൂക്ഷിക്കാൻ ഉള്ള ഓട്ടോമാറ്റിക് മൊഡ്യുലാർ കോൾഡ് ചേംബർ ഇതിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ഓരോ ചേമ്പറും സ്വതന്ത്രമായി സജ്ജീകരിച്ചിരിക്കുന്നത് കൊണ്ട് ഓരോ മൃതദേഹത്തിനും മതിയായ ശീതീകരണം കിട്ടും.
മെഡിക്കൽ കൗണ്‍സില്‍ നിർദേശിക്കുന്ന തരത്തിൽ ക്ലാസ് മുറി,വിദ്യാർത്ഥികൾക്കുള്ള ഗാലറി , മൃതദേഹ പരിശോധന മുറി , ഡോക്ടര്‍മാര്‍ക്കും പൊലീസിനും വിശ്രമിക്കുന്നതിനുള്ള സൗകര്യം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. പൊലീസുകാർക്ക് ഫോറൻസിക് മെഡിസിൻ പരിശീലനത്തിനുള്ള സൗകര്യവും ഇവിടെ ഉണ്ട്. അരക്കോടി രൂപ ചെലവിലാണ് കോംപ്ലക്സ് പൂർണ സജ്ജമാക്കിയത്. ഒരു പൊലീസ് സർജൻ , ഒരു ഡെപ്യൂട്ടി പൊലീസ് സർജൻ, രണ്ട് അസിസ്റ്റന്‍റ് പൊലീസ് സർജന്മാർ എന്നിവരടങ്ങുന്നതാണ് ഇവിടുത്തെ ഫോറൻസിക് വിഭാഗം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam