ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് കാട്ടി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തപ്പെട്ട ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ തള്ളി. ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി നടപടി. മഞ്ചേരി സബ് ജയിലിലാണ് ഷിംജിത റിമാൻഡിൽ തുടരുന്നത്. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളിയത്.
കഴിഞ്ഞ ശനിയാഴ്ച ജാമ്യപേക്ഷയിൽ വാദം കേട്ട കോടതി ഇന്നത്തേക്ക് വിധി പറയാൻ മാറ്റി വെക്കുകയായിരുന്നു. ആത്മഹത്യ ചെയ്ത ദീപക്കിനെ ഷിംജിതക്ക് മുന്‍പരിചയമില്ലെന്നും വീഡിയോ ചിത്രീകരണത്തിന് പിന്നിൽ ദുരുദ്ദേശമില്ലെന്നുമായിരുന്നു പ്രതി ഭാഗത്തിന്റെ വാദം. ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചു. ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് കാട്ടി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സമൂഹവിചാരണ നടത്തണമെന്ന ദുരുദ്ദേശത്തോടെയാണ് ഷിംജിത വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതെന്നും ഇതില്‍ മനംനൊന്താണ് ദീപക് ജീവനൊടുക്കിയതെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഇത് അംഗീകരിച്ച വിചാരണ കോടതി ജാമ്യാപേക്ഷ തള്ളി. മേൽ കോടതിയെ സമീപിക്കുമെന്ന് ഷിംജിതയുടെ അഭിഭാഷകർ വ്യക്തമാക്കി. ഈ മാസം 16 നായിരുന്നു കേസിനാസ്പദമായ വീഡിയോ ഷിംജിത ഇന്‍സ്റ്റഗ്രാമില്‍പോസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം ദീപക് ജീവനൊടുക്കുകയായിരുന്നു. ആറാം ദിവസം വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. മഞ്ചേരി സബ്ജയിലിൽ ആണ് ഷിംജിത റിമാൻഡിൽ തുടരുന്നത്. പ്രതിക്കായി ഇന്നും പോലീസ് കസ്റ്റഡി അപേക്ഷ നൽകിയില്ല.



