
തിരുവനന്തപുരം: പൊലീസ് ചമഞ്ഞ് സ്പായിൽ നിന്നും പണം തട്ടിയെടുത്ത ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. വർക്കല പാപനാശം ബ്ലാക്ക് ബീച്ചിലെ സ്പാ ഉടമയെ പൊലീസിന്റെ ഭീഷണിപ്പെടുത്തി വൻതുക തട്ടിയെടുത്ത ചിലക്കൂർ അൻസി മൻസിലിൽ സജീറാണ്(33) അറസ്റ്റിലായത്. സ്പാ ഉടമയായ യുവതിയെ ഭീഷണിപ്പെടുത്തി 46,000 രൂപ സജീർ തട്ടിയെടുത്തെന്നാണ് പരാതി. യുവതി നടത്തുന്ന സ്പായിൽ എല്ലാ മാസവും പൊലീസ് റെയ്‌ഡ് നടത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.
പൊലീസ് റെയ്ഡ് ഒഴിവാക്കണമെങ്കിൽ ഇൻസ്പെക്ടർക്ക് പണം നൽകണമെന്നും ഇല്ലെങ്കിൽ ആളുകയറാതാക്കി സ്ഥാപനം പൂട്ടിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായി സ്പാ ഉടമ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നഗരസഭയ്ക്കും പണം നൽകേണ്ടതുണ്ടെന്നും റെയ്ഡ് നടത്താതെ സ്ഥാപനം നടത്തണമെങ്കിൽ വീണ്ടും പണം നൽകണമെന്നും വ്യാജ പൊലീസുകാരൻ ആവശ്യപ്പെട്ടു. ഭീഷണി തുടർന്നതോടെയാണ് യുവതി പൊലീസിൽ പരാതിയുമായെത്തിയത്.
30,000 രൂപ പണമായും ബാക്കി തുക ഗൂഗിൾ പേ വഴിയുമാണ് ഇയാൾ കൈക്കലാക്കിയതെന്നാണ് വിവരം. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ വർക്കലയിലെ മറ്റ് സ്ഥാപനങ്ങളിൽ സമാനമായി തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.