Latest Videos

ഏറ്റവുമധികം സഹായിച്ചത് പിണറായി, പിന്തുണ രാധാകൃഷ്ണന്; ആലത്തൂരിൽ രമ്യ ഹരിദാസിനെ വിമർശിച്ച് എവി ഗോപിനാഥ്

By Web TeamFirst Published Apr 22, 2024, 7:43 PM IST
Highlights

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചെയ്തത് തെറ്റാണെന്ന് ഇപ്പോൾ ബോധ്യപ്പെട്ടു. അന്നത്തെ സ്ഥാനാർത്ഥിക്ക് ഒപ്പം പാട്ടിന് ചുവട് വച്ച ആളാണ് താൻ. അത് തെറ്റായിരുന്നുവെന്ന് എവി ഗോപിനാഥ്

പാലക്കാട്: പാലക്കാട് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന എവി ഗോപിനാഥ് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇടത് സർക്കാരാണ് തനിക്ക് കൂടുതൽ പിന്തുണ തന്നതെന്നും നാടിനെ ഏറ്റവും സഹായിച്ചത് പിണറായി വിജയനാണെന്നും പറഞ്ഞ അദ്ദേഹം ഒരു പാർട്ടി വിരുദ്ധ പ്രവർത്തനവും നടത്താതിരുന്നിട്ടും തന്നെ കോൺഗ്രസ് പുറത്താക്കിയെന്നും കുറ്റപ്പെടുത്തി. പിണറായി വിജയനൊപ്പമുള്ള ഫ്ലക്സ് ബോർഡ് ഉയർത്തിയ അദ്ദേഹം പെരിങ്ങോട്ടുകുറിശിയിൽ അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് കെട്ടിവച്ച കാശ് പോലും കിട്ടില്ലെന്നും പറഞ്ഞു.

തനിക്ക് ഏറ്റവും കൂടുതൽ പിന്തുണ തന്നത് ഇടത് സർക്കാരാണെന്ന് എവി ഗോപിനാഥ് പറഞ്ഞു. പെരിങ്ങോട്ട്കുറിശ്ശിയിൽ നടന്ന പൊതുയോഗത്തിലാണ് എവി ഗോപിനാഥ് നിലപാട് അറിയിച്ചത്. ഇവിടെ പൊതുയോഗത്തിൽ ആലത്തൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണനും പങ്കെടുത്തു. പിണറായി വിജയനൊപ്പം എവി ഗോപിനാഥ് നിൽക്കുന്ന ചിത്രമുള്ള ഫ്ളക്സ് ബോർഡും പരിപാടിയുടെ ഭാഗമായി ഉയർത്തി.

നാടിനെ ഏറ്റവും അധികം സഹായിച്ചത് പിണറായി വിജയനാണെന്ന് എവി ഗോപിനാഥ് പറഞ്ഞു. ഇത് കൊണ്ടാണ് നവകേരള യാത്രയിൽ പങ്കെടുത്തത്. പിന്നെ എന്തിന് താൻ മറ്റൊരു സമീപനം സ്വീകരിക്കണം? കോൺഗ്രസിൽ നിന്ന് ഞാൻ കൂറ് മാറിയിട്ടില്ല. ചോദിച്ച എല്ലാം തന്ന സർക്കാരിനെ എതിർക്കണം എന്ന് പറയുന്നത് എൻ്റെ രാഷ്ട്രീയ ബുദ്ധിക്ക് നിരക്കുന്നതല്ല. ഈ തെരഞ്ഞെടുപ്പിൽ മനസ്സിന് ഇഷ്ടപ്പെട്ട സ്ഥാനാർത്ഥി കെ രാധാകൃഷ്ണനാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചെയ്തത് തെറ്റാണെന്ന് ഇപ്പോൾ ബോധ്യപ്പെട്ടു. അന്നത്തെ സ്ഥാനാർത്ഥിക്ക് ഒപ്പം പാട്ടിന് ചുവട് വച്ച ആളാണ് താൻ. അത് തെറ്റായിരുന്നു. 

എന്നോടുള്ള രാഷ്ട്രീയ വിരോധം എം പി ഒരു ജനതയോട് കാണിച്ചുവെന്ന് എവി ഗോപിനാഥ് വിമർശിച്ചു. 60 വർഷം കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചു. ഒരു പാർട്ടി വിരുദ്ധ പ്രവർത്തനവും നടത്തിയിട്ടില്ല. എന്നിട്ടും തന്നെ പുറത്താക്കി. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് പെരിങ്ങോട്ടുകുറിശ്ശിയിൽ കെട്ടിവച്ച കാശ് കിട്ടില്ല. പരിപൂർണ്ണ പിന്തുണ രാധാകൃഷ്ണനും അരിവാൾ ചുറ്റിക നക്ഷത്രത്തിനും നൽകും. ഇടത് സ്ഥാനാർത്ഥിക്ക് വേണ്ടി വീടുകയറി വോട്ട് അഭ്യർത്ഥിക്കും. ഇതിൻ്റെ അലയോലി പാലക്കാട് ജില്ല മുഴുവൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!