സസ്പെൻസിന് അവസാനം: എ വി ഗോപിനാഥ് കോൺ​ഗ്രസ് വിട്ടു

By Asianet MalayalamFirst Published Aug 30, 2021, 11:16 AM IST
Highlights

കോൺ​ഗ്രസ് എന്ന പ്രസ്ഥാനം ഹൃദയത്തിൽ നിന്നും ഇറക്കിവയ്ക്കാൻ സമയമെടുക്കും. സാഹചര്യങ്ങൾ പഠിച്ച ശേഷം ഭാവി നടപടികൾ തീരുമാനിക്കും. ആരുടേയും അടുക്കളയിൽ എച്ചിൽ നക്കാൻ പോകാൻ താനില്ലെന്നും എ.വി.​ഗോപിനാഥ് 

പാലക്കാട്: പതിറ്റാണ്ടുകളായി പാലക്കാട്ടെ കോൺ​ഗ്രസിൻ്റെ പ്രമുഖ നേതാവായ എ.വി.​ഗോപിനാഥ് പാർട്ടിയിൽ നിന്നും രാജിവച്ചു. മാസങ്ങളായി തന്നെ മനസ്സിൽ നിലനിന്നിരുന്ന സംഘ‍ർത്തിനൊടുവിലാണ് ഇന്ന് രാജിവയ്ക്കാനുള്ള തീരുമാനം താൻ എടുത്തതെന്ന് പാലക്കാട് പെരിങ്ങോട്ടുക്കുറിശ്ശിയിലെ വീട്ടിൽ വച്ചു നടത്തിയ വാർത്താസമ്മേളനത്തിലാണ് എ.വി.​ഗോപിനാഥ് രാജി പ്രഖ്യാപനം നടത്തിയത്.

പാർട്ടിയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് താനൊരു തടസമാകാതിരിക്കാനാണ് ഇങ്ങനെയൊരു തീരുമാനമെന്ന് എ.വി.​ഗോപിനാഥ് പറഞ്ഞു. ഞാൻ എവിടേക്ക് പോകുന്നുവെന്നതിൽ പലരും സംശയം പ്രകടിപ്പിക്കുന്നു. കോൺ​ഗ്രസ് എന്ന പ്രസ്ഥാനം ഹൃദയത്തിൽ നിന്നും ഇറക്കിവയ്ക്കാൻ സമയമെടുക്കും. സാഹചര്യങ്ങൾ പഠിച്ച ശേഷം ഭാവിനടപടികൾ തീരുമാനിക്കും. ആരുടേയും അടുക്കളയിൽ എച്ചിൽ നക്കാൻ പോകാൻ താനില്ലെന്നും എ.വി.​ഗോപിനാഥ് പറഞ്ഞു. 


​ഗോപിനാഥിൻ്റെ വാക്കുകൾ 

എന്നെചുറ്റിനിൽക്കുന്ന സസ്പൻസിന് വിരാമം ഇടണമെന്ന് മനസ്സിലുണ്ടായിരുന്നു. 15 വയസ്സ് മുതൽ കോൺഗ്രസാണെൻ്റെ ജീവനാഡി. 43 വർഷം കോൺഗ്രസിൻ്റെ ഉരുക്കു കോട്ടയായി പെരിങ്ങോട്ടുകുറിശ്ശിയെ താൻ നിലനിർത്തി. മനസ്സിനെ തളർത്തുന്ന സാഹചര്യമായിരുന്നു എല്ലാ ദിവസവും. പ്രതീക്ഷക്കനുസരിച്ച് നേതാക്കൾക്ക് ഉയരാൻ കഴിയുന്നില്ല എന്ന ചിന്ത ദീർഘനാളായി തന്നെ അലട്ടുന്നു. പ്രതീക്ഷ ഇല്ലാത്ത യാത്ര അവസാനിപ്പിക്കാൻ മനസ്സ് പറയുന്നുണ്ടായിരുന്നു. പുനസംഘടനയുമായി ബന്ധപ്പെട്ടുള്ള കോൺ​ഗ്രസ് ഹൈക്കമാൻഡിൻ്റെ തീരുമാനം ശരിയാണ് അതിനെ താൻ അംഗീകരിക്കുന്നു. കോൺഗ്രസിൻ്റെ മുന്നോട്ടുള്ള യാത്രയിൽ ഞാൻ തടസ്സക്കാരനാണോ എന്ന സംശയമുണ്ടായിരുന്നു. ആ സംശയത്തിന് തീർപ്പുണ്ടാക്കുകയാണ്. നിരന്തര ചർച്ചകൾക്ക് ശേഷമാണ് താൻ ഈ തീരുമാനത്തിലേക്ക് എത്തിയത്. ഇതാണ് തൻ്റെ അന്തിമ തീരുമാനം. കോൺ​ഗ്രസ് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും താൻ രാജിവച്ചതായി പ്രഖ്യാപിക്കുന്നു.

ഈ നിമിഷം മുതൽ താൻ കോൺഗ്രസ്സുകാരനല്ലാതായിരിക്കുന്നു. ഒരു പാർട്ടിയിലേക്കും ഇപ്പോൾ പോകുന്നില്ല. കോൺഗ്രസിനെ ഹൃദയത്തിൽ നിന്നിറക്കാൻ സമയമെടുക്കും. വിശദമായ വിശകനലങ്ങൾക്കും ആലോചനകൾക്കും ശേഷം എൻ്റെ ഭാവി രാഷ്ട്രീയ നടപടി പ്രഖ്യാപിക്കും. ആരുടെയും അടുക്കളയിൽ എച്ചിൽ നക്കാൻ താൻ പോകുന്നില്ല. എച്ചിൽ നക്കിയ ശീലം ഗോപിനാഥിൻ്റെ നിഘണ്ടുവിലില്ല. പ്രത്യേക ജനുസ്സാണ് താനെന്ന് പലരും പറയും. പ്രത്യേക ജനുസ്സായതിനാലാണ് ഞാൻ കോൺഗ്രസിനൊപ്പം നിന്നത്. ഹൃദയത്തിൽ ഈശ്വരനായി പ്രതിഷ്ഠിച്ച കരുണാകരനോട് നന്ദി പറയുന്നു. എല്ലാവർക്കും നന്ദി പറയുന്നു. സി പി എം ഉൾപ്പടെ ഉള്ള പാർട്ടികളുമായി അയിത്തമില്ല. തനിക്കൊപ്പമുള്ള ഒരാളെയും കോൺഗ്രസ് മാറാൻ പ്രേരിപ്പിക്കുന്നില്ല. 

 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

 

click me!