
കോഴിക്കോട്: കോഴിക്കോട് ആവിക്കലിൽ സിപിഎം സംഘടിപ്പിച്ച ജനസഭയെച്ചൊല്ലി ഇന്നും സംഘർഷം. വെള്ളയിലെ ജനസഭയിലും ആവിക്കൽ മാലിന്യ പ്ലാന്‍റിനെതിരെ പ്രതിഷേധം ഉയര്‍ന്നു. തീരദേശപാത ഉപരോധിച്ചായിരുന്നു പ്രതിഷേധം. തടികളും കല്ലും മണ്ണും കൊണ്ട് വന്നാണ് സമരക്കാർ റോഡ് ഉപരോധിച്ചത്. സ്ഥലത്ത് ഗതാഗതം പൂർണമായി സ്തംഭിച്ചു. തീരദേശപാത ഉപരോധിച്ച മത്സ്യതൊഴിലാളികളും പൊലീസുമായി സംഘർഷമുണ്ടായി. പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുകയാണ്.
നിര്‍ദ്ദിഷ്ട മലിനജല സംസ്കരണ പ്ലാന്‍റിനെതിരായ പ്രതിഷേധം ശമിപ്പിക്കാനായി സിപിഎം ജനപ്രതിനിധികളും സാംസ്കാരിക സംഘടനകളും ചേര്‍ന്നാണ് ആവിക്കലിൽ ജനസഭകൾ സംഘടിപ്പിക്കുന്നത്. ടോക്കണ്‍ നല്‍കി തെരഞ്ഞെടുത്ത ആളുകളെ മാത്രമാണ് ജനസഭയില്‍ പങ്കെടുപ്പിക്കുന്നത്. എന്നാൽ യോഗത്തിൽ, തങ്ങൾക്കും പങ്കെടുക്കണമെന്നാവശ്യപ്പെട്ട് സമരസമിതി പ്രവർത്തകരും നാട്ടുകാരും ഇന്നുമെത്തി. ജനസഭ നടന്ന വെള്ളയിൽ ഫിഷറീസ് സ്കൂളിന് മുന്നിലെത്തിയ പ്രതിഷേധക്കാര്‍ പൊലീസുമായി വാക്കേറ്റത്തിലായി. പ്രതിഷേധം സംഘർഷത്തിലാണ് കലാശിച്ചത്.
മത്സ്യതൊഴിലാളികളും സമരസമിതി പ്രവർത്തകരും ചേർന്ന് തീരദേശപാത പൂർണ്ണമായി സ്തംഭിപ്പിച്ചു. യാത്രക്കാർ വലഞ്ഞു. ഇതിനിടെ, റോഡിലെ തടസങ്ങൾ നീക്കാൻ ശ്രമിച്ച പൊലീസുകാർക്ക് നേരെ നാട്ടുകാർ തിരിഞ്ഞു. സംഘർഷത്തിൽ പൊലീസുകാർക്കും സമരസമിതി പ്രവർത്തകർക്കും പരിക്കേറ്റു. സമരസമിതിക്ക് കോൺഗ്രസ് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പ്രതിപക്ഷ നേതാവ് തന്നെ ആവിക്കലിൽ നേരിട്ട് എത്തി സമരം ഏറ്റെടുക്കും.
അതേസമയം, ഇന്നലെ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ പങ്കെടുത്ത ജനസഭ തടസ്സപ്പെടുത്തിയ സംഭവത്തിൽ വെള്ളയിൽ പൊലീസ് കേസെടുത്തു. സ്ത്രീകൾ ഉൾപ്പെടെ 75 പേർക്ക് എതിരെയാണ് പൊലീസ് കേസെടുത്തത്. അന്യായമായി സംഘം ചേരൽ, ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തൽ, ഗതാഗതം തടസ്സം ഉണ്ടാക്കി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
ആവിക്കൽ മാലിന്യപ്ലാന്‍റ് വിഷയം ചർച്ച ചെയ്യാനാണ് തോട്ടത്തിൽ രവീന്ദ്രൻ എംഎല്‍എ ഇന്നലെ വിളിച്ചു ചേർത്ത ജനസഭയിലാണ് സംഘർഷമുണ്ടായത്. ആവിക്കല്‍ തോടുമായി ബന്ധപ്പെട്ട ആശങ്കകളെ കുറിച്ച് പരിസരവാസികള്‍ ചോദ്യം ഉന്നയിച്ചതോടെയാണ് സംഘര്‍ഷവും പൊലീസ് ലാത്തിച്ചാര്‍ജും ഉണ്ടായത്. സംഘര്‍ഷത്തില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam