
മുംബൈ: അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചവർ അതിനെ കുറിച്ച് തീരുമാനം പറയുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഞങ്ങൾക്കാർക്കും ക്ഷണം ലഭിച്ചിട്ടില്ല. ക്ഷണം ലഭിച്ചാലല്ലേ അതിനെ കുറിച്ച് പറയേണ്ടതുള്ളൂവെന്ന് ചെന്നിത്തല പറഞ്ഞു. അതുകൊണ്ട് തന്നെ ഇത്തരം ചോദ്യങ്ങൾക്ക് പ്രസക്തിയില്ല. എന്നാൽ ഇങ്ങനെയുള്ള കാര്യം രാഷ്ട്രീയ വൽക്കരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അത് ദൗർഭാഗ്യകരമാണെന്നും ചെന്നിത്തല പറഞ്ഞു.
ഓരോരുത്തരുടേയും ആത്മീയ കാര്യമാണ്. ചിലർ വിശ്വാസിയാവാം, ആവാതിരിക്കാം. അതെല്ലാം വ്യക്തിപരമാണ്. എന്നാൽ ഇതിനെ പൂർണമായും രാഷ്ട്രീയ വൽക്കരിക്കാനുള്ള ശ്രമം ശരിയല്ല. ബാക്കിയെന്താണെന്ന് പാർട്ടി പറയേണ്ട സമയത്ത് പറയും. കോൺഗ്രസിലെ രണ്ടുപേർക്കാണ് ക്ഷണം ലഭിച്ചിട്ടുള്ളത്. ആത്മീയ കാര്യങ്ങളിൽ രാഷ്ട്രീയ വത്കരണം ശരിയല്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
അതേസമയം, അയോധ്യ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിക്കും വിയോജിപ്പെന്ന് വിവരം. സോണിയ ഗാന്ധിക്കും ഖർഗെയ്ക്കും പുറമെ അധിർ രഞ്ജൻ ചൗധരിക്കാണ് കോൺഗ്രസിൽ നിന്ന് ക്ഷണം കിട്ടിയത്. എന്നാൽ പങ്കെടുക്കുന്നതിൽ വിയോജിപ്പുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, ചടങ്ങിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് തീരുമാനമായില്ലെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കി. കോൺഗ്രസ് പങ്കെടുക്കുന്നതിനെതിരെ വ്യാപകമായി വിമർശനം ഉയർന്നിരുന്നു.
ബിജെപിയുടെ ഒരു കെണിയിലും കോൺഗ്രസ് വീഴില്ലെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ ഇന്നലെ വ്യക്തമാക്കിയിരുന്നു. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു കെസി വേണുഗോപാലിന്റെ പ്രതികരണം. അയോധ്യയിലേത് മതപരമായ ചടങ്ങാണെന്നും അതിനെ രാഷ്ട്രീയവത്കരിക്കുന്നുവെന്നും കെസി പറഞ്ഞു. പങ്കെടുക്കണോ വേണ്ടയോ എന്നതിൽ കോൺഗ്രസിന് അഭിപ്രായമുണ്ട്. ഓരോ പാർട്ടികൾക്കും അവരുടേതായ അഭിപ്രായമുണ്ട്. കോൺഗ്രസിന് മേൽ ഒരു സമ്മർദ്ദവുമില്ല. കെപിസിസി പ്രസിഡൻ്റിൻ്റെ പ്രസ്താവനയിലെ നിലപാട് അദ്ദേഹത്തോട് ചോദിക്കണമെന്നും കെ സി കൂട്ടിച്ചേർത്തു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam