
കോഴിക്കോട്: കോഴിക്കോട് എൻഐടിയിൽ ഇന്നലെയുണ്ടായ വിദ്യാർത്ഥി സമരത്തിന് പിന്നാലെ ക്യാംപസ് അടച്ചു. ഇന്നുമുതൽ നാലാം തിയ്യതി വരെ ക്യാംപസ് അടച്ചിടുമെന്ന് റജിസ്ട്രാർ സർക്കുലർ പുറപ്പെടുവിച്ചു. ഈ ദിവസങ്ങളിൽ നടത്താനിരുന്ന പരീക്ഷ, ക്യാംപസ് പ്ലേസ്മെന്റ്, കൂടിക്കാഴ്ച എന്നിവ മാറ്റി. വിദ്യാർഥികളോട് ഹോസ്റ്റൽ പരിസരം വിട്ടുപോകരുതെന്നും നിർദേശം നൽകി.
അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ദിനത്തിൽ ഏകാംഗ പ്രതിഷേധം നടത്തിയതിന് വിദ്യാർത്ഥിയായ വൈശാഖ് പ്രേംകുമാറിനെ സസ്പെൻഡ് ചെയ്തതിനെതിരെ ഇന്നലെ ക്യാംസിനകത്തും പുറത്തും പ്രതിഷേധം ഉയർന്നിരുന്നു. സമരത്തെ തുടർന്ന് വിദ്യാർത്ഥിയുടെ സസ്പെൻഷൻ താൽക്കാലികമായി പിൻവലിക്കാൻ എൻഐടി തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ക്യാംപസ് അടച്ചിടാനുള്ള തീരുമാനമുണ്ടായത്.
ഇന്നലെ വിവിധ വിദ്യാർഥി സംഘടനകൾ എൻ ഐ ടിയിലേക്ക് നടത്തിയ മാർച്ചിൽ പൊലീസുമായ സംഘർഷമുണ്ടായിരുന്നു. അയോധ്യയിലെ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് എൻ ഐ ടി ക്യാമ്പസിലെ ഒരു വിഭാഗം വിദ്യാർത്ഥികളുടെ കൂട്ടായ്മയായ സയൻസ് ആൻഡ് സ്പിരിച്വാലിറ്റി എന്ന ക്ലബ്ബാണ് കഴിഞ്ഞ മാസം 22 ന് ഇന്ത്യയുടെ ഭൂപടം കാവി നിറത്തിൽ തയാറാക്കിയത്. ഇതിനെതിരെ ഇന്ത്യ രാമരാജ്യമല്ലെന്ന പ്ലക്കാർഡുമായി പ്രതിഷേധിച്ച ബി ടെക് വിദ്യാർഥി വൈശാഖ് പ്രേംകുമാറിനെയാണ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. നേരത്തെയും അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റുഡന്റ് ഡീൻ നടപടിയെടുത്തത്. അപ്പീൽ അതോറിറ്റി വിദ്യാർഥിയുടെ അപ്പീൽ പരിഗണിക്കുന്നത് വരെയാണ് ഈ തീരുമാനം ഇപ്പോൾ മരവിപ്പിച്ചിരിക്കുന്നത്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam