
പമ്പ: അതിതീവ്ര മഴയുടെയും പമ്പയിലെ വെള്ളപൊക്കത്തിന്‍റെയും പശ്ചാത്തലത്തിൽ ഭക്തർ ശബരിമല ദർശനം കഴിവതും ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ അഭ്യർഥന. നിറപുത്തരി ചടങ്ങുകൾക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളിൽ ശബരിമല ദർശനം നടത്താൻ തീരുമാനിച്ചിട്ടുള്ള ഭക്തരോടാണ് ദേവസ്വം ബോർഡിന്‍റെ അഭ്യർഥന. ഓഗസ്റ്റ് മാസത്തിൽ തന്നെ ചിങ്ങമാസ പൂജകൾക്കായും (ഓഗസ്റ്റ് 16 മുതൽ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകൾക്കായും (ഓഗസ്റ്റ് 24 മുതൽ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ടെന്നും ഈ സമയം ദർശനത്തിനായി ഭക്തർക്ക് തെരെഞ്ഞെടുക്കാവുന്നതാണെന്നും ബോർഡ് ചൂണ്ടിക്കാട്ടി. അതിതീവ്ര മഴ തുടരുന്നതിനാലും മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാലുമാണ് ഭക്തരോട് ഇത്തരത്തിൽ ഒരു അഭ്യർത്ഥന നടത്തുന്നതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് വിശദീകരിച്ചു. അതേസമയം സംസ്ഥാനത്താകെ അതിതീവ്ര മഴ തുടരുകയാണ്. 9 ജില്ലകളിൽ റെഡ് അലർട്ടും 5 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.
01/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
01/08/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
02/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam