വൃത്തിയാക്കി നോക്കിയപ്പോൾ രണ്ടെണ്ണം മൃഗങ്ങളുടേത്, മൂക്കുപൊത്തി പോകും, ശരീരങ്ങളും അവയവങ്ങളും; അസീസിന്‍റെ അനുഭവം

Published : Aug 12, 2024, 07:22 PM IST
വൃത്തിയാക്കി നോക്കിയപ്പോൾ രണ്ടെണ്ണം മൃഗങ്ങളുടേത്, മൂക്കുപൊത്തി പോകും, ശരീരങ്ങളും അവയവങ്ങളും; അസീസിന്‍റെ അനുഭവം

Synopsis

വാര്‍ത്ത അറിഞ്ഞ ഉടന്‍ തന്നെ അസീസ് വയനാട്ടിലേക്ക് ഓടിയെത്തി. സ്ഥലത്ത് എന്ത് സഹായത്തിനും തയ്യാറായാണ് അദ്ദേഹമെത്തിയത്. 

റിയാദ്: വയനാട് ജില്ലയിൽ വലിയ തോതിൽ ഉരുൾ പൊട്ടൽ ഉണ്ടായെന്നും നിരവധി കുടുംബങ്ങൾ അപകടത്തിൽപെട്ടു എന്നും കേട്ടപ്പോൾ തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി അസീസ് കല്ലുംപുറം എന്ന റിയാദിലെ ഈ മുൻ പ്രവാസി മറിച്ചൊന്ന് ചിന്തിക്കാൻ നിന്നില്ല. തന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്യണമെന്ന നിശ്ചയദാർഢ്യത്തോടെ ദുരന്തമുഖത്ത് ഓടിയെത്തി. ദുരന്തം നടന്ന് അടുത്ത ദിവസം തന്നെ മേപ്പാടിയിലെത്തിയ അസീസ് ആദ്യം തെരച്ചിലിന്‍റെ ഭാഗമാകാനാണ് തീരുമാനിച്ചത്. അതിനായുള്ള അനുമതി അധികൃതരിൽനിന്നും വാങ്ങി പുറത്തിറങ്ങുമ്പോഴാണ് മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിയ മൃതദേഹങ്ങൾ വൃത്തിയാക്കുന്നതിന് സഹായം അഭ്യർഥിച്ച് ഒരു ഉദ്യോഗസ്ഥൻ സമീപിച്ചത്.

ഉടനെ ആ ദൗത്യം ഏറ്റെടുക്കാൻ അസീസ് തയ്യാറായി. ആദ്യ ആറു ദിവസത്തോളം വൃത്തിയാക്കി എത്തിക്കുന്ന മൃതദേഹങ്ങളിൽനിന്നും ബന്ധുക്കൾക്ക് തിരിച്ചറിയാനുള്ള അടയാളങ്ങൾ പകർത്തി നമ്പറിട്ട് പോസ്റ്റുമോർട്ടത്തിനായി തയ്യാറാക്കി അയക്കുക, ബന്ധുക്കളെ കാണിച്ചു തിരിച്ചറിയുക എന്നീ ഭാരിച്ച ഉത്തരവാദിത്തങ്ങൾ അസീസും സംഘവും ഏറ്റെടുത്തു. തുടർന്ന് അവസാന നാലുദിവസം കുടുംബാരോഗ്യകേന്ദ്രത്തിൽ എത്തിയിട്ടുള്ള എല്ലാ മൃതദേഹങ്ങളും മൃതദേഹഭാഗങ്ങളും വൃത്തിയാക്കി നമ്പറിട്ട് പോസ്റ്റുമോർട്ടത്തിനായി എത്തിക്കുന്നത് അസീസ് അടക്കമുള്ള സന്നദ്ധ പ്രവർത്തകരുടേയും ആരോഗ്യ പ്രവർത്തകരുടേയും നേതൃത്വത്തിലാണ് നടന്നത്.

രാത്രികാലങ്ങളിൽ ഉറങ്ങിയതും ഇതേ മേശപ്പുറത്ത് തന്നെ. രാപ്പകൽഭേദമന്യേ എത്തപ്പെടാവുന്ന ഭൗതികശരീരങ്ങളുടെ ശുശ്രൂഷ തങ്ങളുടെ കടമയാണെന്നും അതിൽ കാലതാമസം വരാൻ പാടില്ലെന്ന നിലപാടുമാണ് അസീസടക്കമുള്ള സന്നദ്ധ പ്രവർത്തകരെ അവിടെ തന്നെ അന്തിയുറങ്ങാൻ പ്രേരിപ്പിച്ചത്. മേപ്പാടി ഹെൽത്ത് സെൻററിൽ വന്ന എല്ലാ മൃതദേഹങ്ങളും പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് മുമ്പ് വൃത്തിയാക്കുന്ന ജോലികൾക്ക് നേതൃത്വം നൽകിയത് അസീസ് അടങ്ങുന്ന വളൻറിയർമാരാണ്.

കണ്ടാൽ പോലും മാറി നിൽക്കാൻ പ്രേരിപ്പിക്കുന്ന, തൊടാൻ പോലും കഴിയാത്തതും മൂക്കുപൊത്തി പോകുന്നതുമായ രീതിയിലാണ് അവസാന ദിസങ്ങളിൽ മിക്ക ശരീരങ്ങളും അവയവഭാഗങ്ങളും എത്തിയിട്ടുള്ളതെന്ന് അസീസ് പറയുന്നു. മൃതദേഹങ്ങൾ മനുഷ്യേൻറതോ മൃഗങ്ങളുടേതോ എന്നുപോലും മനസിലാക്കാൻ പറ്റാത്ത തരത്തിലുള്ള ശരീരഭാഗങ്ങളും എത്തുന്നു. 10ാം ദിവസം എത്തിയ നാല് ശരീരഭാഗങ്ങൾ വൃത്തിയാക്കിയതിന് ശേഷമാണ് അതിൽ രണ്ടെണ്ണം മൃഗങ്ങളുടേതാണെന്ന് മനസിലാക്കാൻ കഴിഞ്ഞത്.

ഓരോ മൃതശരീരം വൃത്തിയാക്കി കഴിഞ്ഞ് മുൻ വാർഡ് മെമ്പറും ആശാ വർക്കറുമായ ഷൈജയുടെ സഹായത്തോടെ തിരിച്ചറിഞ്ഞ് പുറത്ത് കാത്തുനിൽക്കുന്ന ബന്ധുക്കളെ അറിയിച്ചുകൊണ്ടിരുന്നു. ഏതാണ്ട് 95ന് മേലെ അടയാളങ്ങൾ താനടങ്ങുന്ന സംഘം പുറത്ത് ഉറ്റവരെ കാത്തു നിൽക്കുന്നവരോട് പറഞ്ഞിരുന്നു. അതിൽ മിക്കവരെയും ബന്ധുക്കൾ എത്തും മുേമ്പ ഷൈജ തിരിച്ചറിഞ്ഞിരുന്നു. വലിയ ദുഃഖം പേറിയാണ് അവർ തങ്ങളുടെ കൂടെ പ്രവർത്തിച്ചതെന്ന് വൈകിയാണ് അറിയാൻ കഴിഞ്ഞത്. ഉണ്ടായിരുന്ന വീടും കുടുംബത്തിലെ 18 പേരും നഷ്ടപ്പെട്ടതിൽ ആറുപേരുടെ മൃതദേഹങ്ങൾ മാത്രമാണ് കണ്ടെടുത്തത്. ഇനിയും 12 പേരെ കുറിച്ചുള്ള യാതൊരു വിവരങ്ങളും ലഭിച്ചിട്ടില്ലാത്ത അവസ്ഥയിൽ ഒരു സ്ത്രീക്ക് ഇത്ര ധൈര്യത്തോടെ പ്രവർത്തിക്കാൻ കഴിഞ്ഞെങ്കിൽ തങ്ങളുടെ പ്രവർത്തനം ഒന്നുമല്ലെന്ന് തോന്നിപ്പോയിട്ടുണ്ട്. നാട്ടിൽനിന്നും കുടുംബവും സഹപ്രവർത്തകരും ചോദിക്കുന്നുണ്ട് എന്നാണ് തിരിച്ചുപോരുന്നത് എന്ന്. തിരികെ നാട്ടിലെത്തൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. പക്ഷെ ഒരുപാട് മുഖങ്ങൾ ഇവിടെ പിടിച്ചുനിർത്തുന്നു എന്നും അസീസ് പറയുന്നു.

Read Also - ശാരീരികാസ്വാസ്ഥ്യം; ആശുപത്രിയിലായതോടെ കാണാൻ നാട്ടിൽ നിന്ന് കുടുംബം എത്തി, പക്ഷേ അറിഞ്ഞത് മരണ വിവരം

2015 മുതൽ 2018 വരെ പ്രവാസിയായിരുന്ന അസീസ് റിയാദിലെ കേളികാലാസംസ്കാരിക വേദി ന്യൂ സനാഇയ്യ ഏരിയ വാട്ടർ ടാങ്ക് യൂനിറ്റ് ട്രഷററായി പ്രവർത്തിച്ചിരുന്നു. സജീവ പ്രവർത്തകനായ അസീസ് കേളിയുടെ രക്തദാന ക്യാമ്പുകൾക്ക് നേതൃത്വപരമായ ചുമതകൾ വഹിച്ചിരുന്നു. ദുരന്തഭൂമിൽ വളൻറിയർ സേവനം നടത്തിയ കേളിയുടെ നാല് മുൻകാല പ്രവർത്തകരിൽ ഒരാളാണ് അസീസ്. ജീവിത പങ്കാളിയും രണ്ട് കുട്ടികളും ഉമ്മയും അടങ്ങുന്ന കുടുംബത്തിെൻറ പരിപൂർണ പിന്തുണയാണ് അസീസിനെ ഈ രംഗത്ത് പ്രവർത്തിക്കാൻ ഊർജം നൽകുന്നത്.

ജീവിത പങ്കാളി റസീന നഴ്‌സായി ജോലി ചെയ്യുന്നു. 14 വർഷത്തോളമായി രക്തദാനരംഗത്ത് ഇരുവരും ചേർന്നാണ് പ്രവർത്തിക്കുന്നത്. ഉമ്മയുടെ കണ്ണിനുള്ള അസുഖമാണ് വയനാട്ടിലേക്കുള്ള യാത്രയിൽനിന്നും റസീനയെ പിന്തിരിപ്പിച്ചത്. മകൻ പ്ലസ് ടു വിദ്യാഭ്യാസം കഴിഞ്ഞു. മകൾ ഒമ്പതാം ക്ലാസി പഠിക്കുന്നു. നാട്ടിൽ ഇപ്പോൾ ഡ്രൈവറായി ജോലി ചെയ്യുന്ന അസീസ് ഒരു വണ്ടി നിറയെ സാധാനങ്ങളുമായാണ് വയനാട് മല കയറിയത്. 

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം