
ദില്ലി: അഴീക്കോട് തെരഞ്ഞെടുപ്പ് കേസിൽ മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിക്ക് ആശ്വാസം. ഷാജിക്ക് ഹൈക്കോടതി അയോഗ്യത വിധിച്ച നടപടി സുപ്രീം കോടതി റദ്ദാക്കി. കെ എം ഷാജിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. അയോഗ്യത വിധിക്കാൻ ഹൈക്കോടതിക്ക് അധികാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ ഉത്തരവ്. 2016ലെ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ നിന്ന് വിജയിച്ച കെ എം ഷാജി അയോഗ്യനാക്കിയതിനെതിരായ അപ്പീലിലായിരുന്നു സുപ്രീംകോടതിയുടെ ഇടപെടൽ.
ഹൈക്കോടതിയുടേത് അധികാര പരിധി മറികടന്നുകൊണ്ടുള്ള ഉത്തരവാണെന്നും, തെരഞ്ഞെടുപ്പ് ക്രമക്കേട് കണ്ടത്തിയ സാഹചര്യത്തില്‍ ഈ വിഷയം രാഷ്ട്രപതിക്ക് വിടേണ്ടിയിരുന്നുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി വിധിച്ച അയോഗ്യത പ്രാബല്യത്തിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് എതിർ സ്ഥാനാർത്ഥിയായിരുന്ന എംവി നികേഷ് കുമാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. കെ എം ഷാജിയുടെ അയോഗ്യത പ്രാബല്യത്തിലാക്കണമെന്നായിരുന്നു എം വി നികേഷ് കുമാറിന്റെ ആവശ്യം
2016 ലെ തെരഞ്ഞെടുപ്പിൽ രൂപീകൃതമായ നിയമസഭയുടെ കാലാവധി 2021 ൽ അവസാനിച്ചു. ഈ സാഹചര്യത്തിൽ തെരെഞ്ഞെടുപ്പ് ഹർജിക്ക് പ്രസക്തി നഷ്ടമായി. അതിനാൽ തെരെഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച ഹൈക്കോടതിയുടെ കണ്ടെത്തലിന് ഇനി പ്രസക്തിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ആറ് വർഷത്തെ അയോഗ്യത ആണ് ഷാജിക്ക് 2018ൽ കേരള ഹൈക്കോടതി വിധിച്ചിരുന്നത്. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ അനുകൂല വിധി ലഭിച്ചത് കെ എം ഷാജിക്ക് നേടമാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam