
കോഴിക്കോട്: കോഴിക്കോട് മാളിക്കടവിലെ 26കാരിയുടെ കൊലപാതകത്തിൽ പ്രതി വൈശാഖനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. കൊയിലാണ്ടി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നടപടി. ഒന്നിച്ച് ജീവിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് യുവതിയെ പ്രതി കൊലപ്പെടുത്തിയത്. യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയത്തിലായിരുന്നു കൊലപാതകം.
പ്രാഥമിക പരിശോധനയിൽ ആത്മഹത്യയെന്ന് തോന്നിപ്പിക്കുന്ന സംഭവമായിരുന്നു ഇത്. പൊലീസിന്റെ നിർണായക ഇടപെടലിലാണ് മാളിക്കടവിലെ നടുക്കുന്ന കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. പത്ത് വർഷം മുൻപ് യുവതിയുമായി ബന്ധം സ്ഥാപിച്ച വൈശാഖൻ ഒരുമിച്ച് ജിവിക്കാൻ കഴിഞ്ഞില്ലെങ്കിൽ മരിക്കാമെന്ന് പറഞ്ഞ് യുവതിയെ സ്വന്തം സ്ഥാപനത്തിൽ വിളിച്ചുവരുത്തി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയത്തിലായിരുന്നു ആസൂത്രിത കൊലപാതകം. ഇരുവരും ഒരുമിച്ച് ആത്മഹത്യ ചെയ്യാൻ ജ്യൂസിൽ ഉറക്കഗുളിക കലർത്തിയെന്നും താൻ മയങ്ങിയ സമയത്ത് യുവതി ആത്മഹത്യ ചെയ്തെന്നുമായിരുന്നു പ്രതിയുടെ ആദ്യമൊഴി.
എന്നാൽ, ഉറക്കഗുളിക കഴിച്ച് മയങ്ങിയ പ്രതി നഗരത്തിലെ ആശുപത്രി വരെ വാഹനം ഓടിച്ച് എങ്ങനെ എത്തിയെന്ന് പൊലീസിന് സംശയമുണ്ടായി. പിന്നാലെ നടത്തിയ പരിശോധനയിലാണ് വൈശാഖന്റെ സ്ഥാപനത്തിൽ നിന്നും പെണ്‍കുട്ടിയെ പ്രതി മർദിക്കുന്നതും കഴുത്തിൽ കുരുക്കിട്ട ശേഷം യുവതി നിന്നിരുന്ന സ്റ്റൂൾ പ്രതി ചവിട്ടിത്തെറിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചത്. ലൈംഗിക വൈകൃതമുള്ള പ്രതി കൊലപാതകത്തിന് ശേഷം യുവതിയെ പീഡിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
വൈശാഖിന്റെ വർക്ക് ഷോപ്പിൽ നടത്തിയ പരിശോധനയിൽ കൊല്ലപ്പെട്ട യുവതിയുടെ ബാഗ് പൊലീസ് കണ്ടെത്തിയിരുന്നു. ഈ ബാഗിൽ നിന്ന് നിർണായക തെളിവാണ് പൊലീസിന് ലഭിച്ചത്. മരിക്കുന്നതിന് മുൻപ് തനിക്കേറ്റ പീഡനത്തിന്റെ വിവരങ്ങൾ പെണ്‍കുട്ടി ഡയറിയിൽ കുറിച്ചിരുന്നു. പതിനാറ് വയസുമുതൽ പീഡനത്തിനിരയായി എന്നാണ് ഡയറിയിലുള്ളത്. ഇത് തെളിവാക്കി പ്രതിക്കെതിരെ പോക്സോ കേസും പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam