
ലഖ്‌നൗ: ബാബ്റി മസ്‌ജിദ് തകർത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ്. വിധിക്കെതിരെ അപ്പീൽ പോകുമോയെന്ന് സിബിഐ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വിധി സ്വാഗതം ചെയ്യുന്നുവെന്ന് വി എച്ച് പിയും വിധിയെ എല്ലാവരും അംഗീകരിക്കണമെന്ന് ആർഎസ്എസും പ്രതികരിച്ചു.
കേസിൽ ഇനി സിബിഐയാണ് മേൽക്കോടതിയെ സമീപിക്കേണ്ടത്. വിചാരണ കോടതി ഇന്ന് കുറ്റവിമുക്തരാക്കിയ 32 പ്രതികളും ബിജെപിയുടെ സമുന്നതരായ നേതാക്കളാണ്. അതിനാൽ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ സിബിഐ എന്ത് നീക്കം നടത്തുമെന്നതാണ് ചോദ്യം. വിചാരണ കോടതിയുടെ വിധിക്കെതിരെ വ്യക്തികൾക്കും മേൽക്കോടതിയെ സമീപിക്കാം. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് സിബിഐ കോടതിയുടെ കണ്ടെത്തൽ. നേരത്തെ സിബിഐ അന്വേഷണത്തിലെ കണ്ടെത്തലുകൾ പ്രകാരം ഉന്നയിച്ച വാദങ്ങൾ ഇനി സിബിഐ ഉയർത്തുമോയെന്ന് കാത്തിരുന്ന് കാണണം.
ജസ്റ്റിസ് ലിബറാൻ കമ്മിറ്റിയുടെ കണ്ടെത്തലുകൾ പ്രധാനമാണ്. സുപ്രീം കോടതിയിൽ അയോധ്യ കേസ് എത്തിയപ്പോൾ ജസ്റ്റിസ് മൻമോഹൻ ലിബറാൻ നടത്തിയ പരാമർശമുണ്ട്. അയോധ്യ ഭൂമി തർക്ക കേസ് പരിഗണിക്കുന്നതിന് മുൻപ് ബാബ്റി മസ്ജിദ് തകർത്ത കേസ് പരിഗണിക്കണമെന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നു. ഇതാണ് യഥാർത്ഥ രീതിയെന്നും പറഞ്ഞിരുന്നു. എന്നാൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഭൂമി തർക്ക കേസ് ആദ്യം പരിഗണിച്ചു. ബാബ്റി മസ്ജിദ് കേസ് തകർത്ത കേസ് വളരെ ഗുരുതരമെന്ന് ഭൂമി തർക്ക കേസിലെ വിധിന്യായത്തിൽ അന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു.
ബാബ്റി മസ്ജിദ് കേസിൽ സത്യം പുറത്തുവന്നുവെന്നാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ പ്രതികരണം. വിധിയെ എതിർത്ത് പ്രസ്താവന ഇറക്കുന്നവർ നിയമപരമായി കോടതി വിധിയെ മാനിക്കാൻ പഠിക്കണം. സമുന്നത നേതാക്കളെ കേസിൽപ്പെടുത്തിയത് കോൺഗ്രസിന്റെ ഗൂഢാലോചനയായിരുന്നുവെന്നും വിഎച്ച്പി വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ പറഞ്ഞു. വിധിയെ സ്വാഗതം ചെയ്ത ആർഎസ്എസ് വിധി എല്ലാവരും അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു. വിധി വളരെ മഹത്വപൂർണ്ണമെന്നായിരുന്നു എൽകെ അദ്വാനിയുടെ പ്രതികരണം. വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam