
ലഖ്നൗ: ബാബ്‌റി മസ്ജിദ് ആക്രമണക്കേസിൽ സെപ്തംബർ 30ന് ലഖ്‌നൗവിലെ സിബിഐ കോടതി വിധി പറയും. കേസിൽ പ്രതികളായ എൽകെ അദ്വാനിയും മുരളീമനോഹര്‍ ജോഷിയും ഉമാഭാരതിയും അന്ന് നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു.
ആഗസ്റ്റ് മാസത്തിനുള്ളിൽ കേസിൽ വിചാരണ പൂർത്തിയാക്കി വിധി പറയണമെന്ന് സുപ്രീം കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ലോക്ക്ഡൗൺ കാരണം ഇത് നീണ്ട് പോവുകയായിരുന്നു. സുപ്രീം കോടതി ഒരു മാസത്തേക്ക് കൂടി സമയം നീട്ടി നൽകി. 28വർഷത്തിന് ശേഷമാണ് ബാബ്റി മസ്ജിദ് തകർത്ത കേസിലും അതിന്റെ ഗൂഢാലോചന കേസിലും വിധി പറയാൻ പോകുന്നത്.
നേരത്തെ റായ്ബറേലി കോടതിയിലും ലഖ്നൗ കോടതിയിലുമായിരുന്നു കേസ് ഉണ്ടായിരുന്നത്. പിന്നീട് സുപ്രീം കോടതിയാണ് രണ്ട് കേസും ലഖ്നൗവിലെ സിബിഐ കോടതിയിലേക്ക് മാറ്റിയത്. വേഗത്തിൽ വിചാരണ പൂർത്തിയാക്കാനും നിർദ്ദേശം നൽകി. 2001 ൽ അലഹബാദ് ഹൈക്കോടതി അദ്വാനി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയിരുന്നു. പിന്നീട് സുപ്രീം കോടതിയാണ് അദ്വാനി അടക്കമുള്ളവർ വിചാരണ നേരിടണം എന്ന് പറഞ്ഞത്. അദ്വാനി അടക്കം 32 പ്രതികളാണ് ഉള്ളത്. വിധി പറയുന്ന ദിവസം എല്ലാവരും നേരിട്ട് ഹാജരാവണം. വിചാരണ സമയത്ത് വീഡിയോ കോൺഫറൻസ് വഴിയാണ് അദ്വാനിക്ക് പറയാനുണ്ടായിരുന്ന കാര്യങ്ങൾ കോടതി കേട്ടത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ബാബ്റി മസസ്ജിദ് ആക്രമണം ചെലുത്തിയ സ്വാധീനം വലുതാണ്. ഇന്ത്യൻ രാഷ്ട്രീയം തന്നെ ഇതിന് ശേഷം മാറിമറിഞ്ഞു. അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് തറക്കല്ലിട്ട ശേഷമാണ് ലഖ്നൗ കോടതി വിധി പറയാൻ പോവുന്നതെന്നതും പ്രധാനമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam