വീടിനോട് ചേർന്ന് കടന്നു പോകുന്ന വൈദ്യുതി ലൈനിൽ വീടിൻ്റെ മുകളിൽ നിന്നും അബദ്ധത്തിൽ കൈ തട്ടിയതാണ് അപകട കാരണം.

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി കച്ചേരിമുക്കിൽ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12 കാരി മരിച്ചു. കളത്തിങ്കൽ റഷീദിൻ്റെ മകൾ തൻഹയാണ് മരിച്ചത്. വീടിനോട് ചേർന്ന് കടന്നു പോകുന്ന വൈദ്യുതി ലൈനിൽ വീടിൻ്റെ മുകളിൽ നിന്നും അബദ്ധത്തിൽ കൈ തട്ടിയതാണ് അപകട കാരണം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്നലെ വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. തൻഹ വീടിന് മുകളിൽ കളിക്കുമ്പോള്‍ അതിനോട് ചേര്‍ന്നു പോകുന്ന ലൈൻ കമ്പിയിൽ അബദ്ധത്തിൽ കൈ തട്ടി അപകടം സംഭവിക്കുകയായിരുന്നു. ഷോക്കേറ്റ് താഴെ വീണ കുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

അപകടത്തെ കുറിച്ച് കെഎസ്ഇബി അധികൃതര്‍ പറയുന്നത്, ലൈൻ വീടിനോട് ചേര്‍ന്നാണ് പോയിരുന്നത്. എന്നാൽ ഇത് പുതുതായി നിര്‍മിച്ച വീടാണ്. പഴയ വീടിന് ഏറെ ദൂരത്തായിരുന്നു ലൈൻ കമ്പിയുണ്ടായിരുന്നത്. പക്ഷേ പുതിയ വീട് നിര്‍മിച്ചപ്പോള്‍ വൈദ്യുതി ലൈനിനോട് അടുത്തായി. മാറ്റി സ്ഥാപിക്കാൻ അപേക്ഷയൊന്നും നൽകിയിരുന്നില്ലെന്നും കെഎസ്ഇബി അധികൃതര്‍ വിശദീകരണം നൽകി.