
പാലക്കാട്: മലമ്പുഴയില്‍ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിന്റെ കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചു. മകനെ ഇന്ന് രക്ഷപ്പെടുത്തി താഴെയെത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഉമ്മ പറഞ്ഞു. സൈന്യത്തിന്റെയും നാട്ടുകാരുടെയും മറ്റെല്ലാവരുടെയും സഹകരണത്തില്‍ നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു. ബാബു മലയില്‍ കുടുങ്ങിയ അന്ന് വീട്ടിലേക്ക് വിളിച്ചു. പിറ്റേ ദിവസവും വിളിച്ച് രക്ഷിക്കൂവെന്ന് പറഞ്ഞു. വെള്ളം വേണമെന്നും പറയുന്നുണ്ടായിരുന്നു. സഹോദരനും അവിടെയെത്തിയിട്ടുണ്ട്. എല്ലാവരും ബുദ്ധിമുട്ടുന്നതില്‍ സങ്കടമുണ്ട്. എന്തായാലും ബാബിനെ 11 മണിയോടെ തിരിച്ചെത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഉമ്മ പറഞ്ഞു.
കരസേന അംഗങ്ങള്‍ ബാബുവിന് അടുത്തെത്തിയെന്നാണ് ഒടുവില്‍ ലഭിച്ച വിവരം. ചെങ്കുത്താല മലയിടുക്കാണ് രക്ഷാദൗത്യത്തിന് തടസ്സം. ബാബുവുമായി സൈന്യം ആശയവിനിമയം നടത്തുകയും ഡ്രോണ്‍ ഉപയോഗിച്ച് ബാബു എവിടെയാണെന്ന് കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. മലയിടുക്കില്‍ ബാബു കുടുങ്ങിയിട്ട് 40 മണിക്കൂര്‍ പിന്നിട്ടു. പുലര്‍ച്ചെ നാല് മണിയോടെയാണ് ബാബുവുമായി സംഘം ആശയവിനിമയം നടത്തിയത്. 600 മീറ്റര്‍ ഉയരത്തിലെ ഇടുക്കിലാണ് ബാബു കുടുങ്ങിയത്. കാലിന് പൊട്ടലുണ്ടെന്ന സംശയവുമുണ്ട്.
കരസേനയുടെ എന്‍ജിനീയറിങ് വിഭാഗവും എനന്‍ഡിആര്‍എഫുമാണ് മലമുകളില്‍ എത്തിയത്. പ്രദേശവാസികളും പര്‍വതാരോഹകരും ഇവര്‍ക്കൊപ്പമുണ്ട്. ബാബുവിന് ഭക്ഷണവും വെള്ളവും നല്‍കാനാണ് ആദ്യം ശ്രമിക്കുന്നത്. പകല്‍ സമയത്തെ കനത്തെ വെയിലും തിരിച്ചടിയാണ്. ഇന്ന് രാവിലെയോടെ ബാബുവിനെ മലയിറക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് സൈന്യവും നാട്ടുകാരും. ജമ്മു കശ്മീരിലും നോര്‍ത്ത് ഈസ്റ്റിലും മലകയറി പരിചയമുള്ള സംഘങ്ങളും കൂടെയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam