
തിരുവനന്തപുരം: ജന്മനാ ബാധിച്ച കരൾ രോഗത്തെ അതിജീവിച്ച് ആറ് മാസം പ്രായമുള്ള ധ്രിയ പൂർണ്ണ ആരോഗ്യവതിയായി വീട്ടിലേക്ക് മടങ്ങുന്നു. തിരുവനന്തപുരം കിംസ് ഹെൽത്തിൽ നടന്ന കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെയാണ് ധ്രിയയ്ക്ക് പുതുജീവൻ ലഭിച്ചത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറിയ ആലിനിൽ നിന്നാണ് ധ്രിയ കരൾ സ്വീകരിച്ചത്.
കരളിൽ നിന്ന് പിത്താശയത്തിലേക്ക് പിത്തരസം എത്തിക്കുന്ന നാളികളിലെ തടസ്സം മൂലം ഉണ്ടാകുന്ന 'ബിലിയറി അത്രേസിയ' എന്ന രോഗാവസ്ഥ ധ്രിയയ്ക്ക് സ്ഥിരീകരിച്ചിരുന്നു. കരളിന് അകത്തോ പുറത്തോ ഉള്ള പിത്തനാളികൾ സാധാരണ നിലയിൽ വികസിക്കാതെ വരുമ്പോഴാണ് ഈ രോഗമുണ്ടാകുന്നത്. ലോകമെമ്പാടുമുള്ള 70,000 നവജാതശിശുക്കളിൽ ഒരാളെ ഈ രോഗം ബാധിക്കാറുണ്ട്.
തടസ്സപ്പെട്ട പിത്തനാളികൾ നീക്കം ചെയ്യാനും ചെറുകുടലിന്റെ ഒരു ഭാഗം ഉപയോഗിച്ച് പിത്തരസം പുറത്തേക്ക് ഒഴുകാനായി പുതിയ പാത സൃഷ്ടിക്കാനുമായി മറ്റൊരു ആശുപത്രിയിൽ 'കസായ്' ശസ്ത്രക്രിയയ്ക്ക് ധ്രിയ വിധേയയായിരുന്നു. ഈ ശസ്ത്രക്രിയക്ക് ശേഷവും, കുഞ്ഞിന് പോർട്ടൽ ഹൈപ്പർടെൻഷൻ, റിഫ്രാക്ടറി അസൈറ്റുകൾ, സിന്തറ്റിക് ഡിസ്ഫംഗ്ഷൻ ഉൾപ്പടെയുള്ള സങ്കീർണതകളുണ്ടാവുകയും ചെയ്തിരുന്നു. ഈ അവസ്ഥയിലാണ് കുഞ്ഞിനെ കിംസ് ഹെൽത്തിലേക്ക് റഫർ ചെയ്യുന്നത്. ഇവിടുത്തെ വിദഗ്ധ ഡോക്ർമാരുടെ സംഘം കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള ഏക പ്രായോഗിക മാർഗമായി നിർദേശിച്ചത് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ്.
കിംസ് ഹെൽത്തിലെ മൾട്ടിവിസറൽ ട്രാൻസ്പ്ലാന്റ്, ഹെപ്പറ്റോബിലിയറി, പാൻക്രിയാറ്റിക് ആൻഡ് ലിവർ ട്രാൻസ്പ്ലാന്റ് സർജറി വിഭാഗം കൺസൾട്ടന്റും മേധാവിയുമായ ഡോ. ഷിറാസ് അഹമ്മദ് റാഥർ, ഇതേ വിഭാഗത്തിലെ ചീഫ് കോർഡിനേറ്ററും സീനിയർ കൺസൾട്ടന്റുമായ ഡോ. ഷബീറലി ടി.യു. എന്നിവരുടെ നേതൃത്വത്തിൽ ധ്രിയ 12 മണിക്കൂർ നീണ്ട അതിസങ്കീർണ്ണമായ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായി. 'ദാതാവിന്റെയും കുഞ്ഞിന്റെയും പ്രായം പരിഗണിക്കുമ്പോൾ ഇത് അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞ ഒരു അവയവമാറ്റ ശസ്ത്രക്രിയയായിരുന്നു. എങ്കിലും, ധ്രിയയുടെ മാതാപിതാക്കൾക്ക് പ്രതീക്ഷയും സന്തോഷവും തിരികെ നൽകാനായി, ഒരു ടീം എന്ന നിലയിൽ ഞങ്ങൾ ഈ വെല്ലുവിളി ഏറ്റെടുത്തു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പരിചരണവും പ്രയാസമേറിയതായിരുന്നു. തീവ്രപരിചരണ വിദഗ്ധർ, അനസ്തേഷ്യ വിദഗ്ധർ, നഴ്സുമാർ, മറ്റ് വിവിധ വിഭാഗങ്ങളിലെ വിദഗ്ധർ എന്നിവരടങ്ങുന്ന സംഘത്തിന്റെ 24 മണിക്കൂർ നീണ്ട ജാഗ്രതയും ഏകോപനപരമായ പരിശ്രമങ്ങളും ഇതിന് ആവശ്യമായിരുന്നുവെന്നും ഡോ. ഷിറാസ് അഹമ്മദ് റാഥർ പറഞ്ഞു.
ശസ്ത്രക്രിയയെ തുടർന്ന് കുഞ്ഞിന്റെ ആരോഗ്യം മെച്ചപ്പെടുകയും കരളിന്റെ പ്രവർത്തനം സാധാരണ നിലയിലാവുകയും ചെയ്തു. ഹെപ്പറ്റോബിലിയറി, പാൻക്രിയാസ് ആൻഡ് ലിവർ ട്രാൻസ്പ്ലാന്റ് വിഭാഗം കൺസൾട്ടന്റ് ഡോ. വർഗീസ് എൽദോ, അനസ്തേഷ്യ വിഭാഗം കൺസൾട്ടന്റുമാരായ ഡോ. ഹാഷിർ എ., ഡോ. പ്രിജിത്ത് ആർ.എസ്., ഡോ. അഭിജിത്ത് ഉത്തമൻ, ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മധു ശശിധരൻ, പീഡിയാട്രിക് ഗ്യാസ്‌ട്രോഎൻട്രോളജി, ഹെപ്പറ്റോളജി ആൻഡ് ലിവർ ട്രാൻസ്പ്ലാന്റ് വിഭാഗം അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. അനു കെ. വാസു, ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മനീഷ് കുമാർ യാദവ്, ഇമേജിംഗ് ആൻഡ് ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മനോജ് കെ.എസ്, പീഡിയാട്രിക്സ് വിഭാഗം കൺസൾട്ടന്റും ചീഫ് ഇന്റൻസിവിസ്റ്റുമായ ഡോ. ഷിജു കുമാർ സി എന്നിവരും ചികിത്സാ സംഘത്തിന്റെ ഭാഗമായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam