പാങ്ങപ്പാറയിൽ 17 കാരനായ അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. കൗമാരക്കാരുടെ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം നിയമഭേദഗതിയെക്കുറിച്ച് ആലോചിക്കുമെന്നും പറഞ്ഞു.

തിരുവനന്തപുരം: പാങ്ങപ്പാറ കൊലപാതകത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കൊല്ലപ്പെട്ട അഭിരാമിന്‍റെ വീട്ടിൽ സന്ദർശനത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹം ഉറപ്പ് നൽകിയത്. വളരെ വേദനാജനകമായ ഒരു സംഭവമാണ് ഇവിടെ നടന്നത്. ഒരു തെറ്റും ചെയ്യാത്ത മകനെ കൊലപ്പെടുത്തിയതിൽ മാതാപിതാക്കൾ അനുഭവിക്കുന്ന വിഷമം എത്രയോ വലുതാണ്. പൊലീസിന്‍റെ പ്രവർത്തിയിൽ മാതാപിതാക്കൾക്ക് സംതൃപ്തിയുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി മറ്റു തെളിവുകൾ ശേഖരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വളരെ അപൂർവമായ ഒരു കേസ് ആയിട്ടാണ് താൻ ഇതിനെ കാണുന്നത്. 'A heinous crime'ആണ് നടന്നിരിക്കുന്നത്. കൗമാരക്കാർ നിരന്തര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നു. ജുവനൈൽ ജസ്റ്റിസ് ആനുകൂല്യങ്ങൾ ഇവർ അനുഭവിക്കുന്നു. നിയമഭേദഗതി വേണമെങ്കിൽ അതേപ്പറ്റി ആലോചിക്കേണ്ടതാണ്. ചേരാനല്ലൂര്‍ അപകടത്തിലെ കോടതി വിധിയിലും അദ്ദേഹം പ്രതികരിച്ചു. സർക്കാരും പൊലീസും ഇരയോടൊപ്പമാണ്. ഇന്നത്തെ കോടതിവിധി ഒരു റൂളിന്‍റെ അടിസ്ഥാനത്തിലാണ്. കോടതിവിധി ഗൗരവമായി കാണേണ്ടതാണ്. കുട്ടികൾ ചെയ്യുന്ന കുറ്റകൃത്യങ്ങളെ സംരക്ഷിക്കുന്ന രീതി ശരിയല്ലെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, ശ്രീകാര്യത്ത് 17 കാരൻ അഭിരാമിന്‍റെ കൊലപാതകത്തിൽ മുഖ്യപ്രതിയായ ഗുണ്ട ഉമറിന്‍റെ കാമുകി ഐശ്വര്യയും അറസ്റ്റിലായിരുന്നു. ഗൂഢാലോചനയിൽ ഐശ്വര്യക്കും പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഐശ്വര്യയെ ഫോണിൽ വിളിച്ച് ഹോൾഡ് ചെയ്ത ശേഷം ഫോൺ വീട്ടിൽ വെച്ചാണ് ഉമർ കൊല നടത്താൻ പോയത്. ശ്രീകാര്യത്ത് പ്ലസ് ടു വിദ്യാർത്ഥി അഭിരാമിന്‍റെ കൊലയിൽ ഓരോ ദിവസവും പുറത്തുവരുന്നത് സിനിമയെ വെല്ലുന്ന ഗൂഢാലോചനാ വിവരങ്ങളാണ്. പതിനേഴുകാരനായ പ്രതിയും പ്രതിയുടെ കാമുകി ആനന്ദയും സുഹൃത്തും ഗുണ്ടയുമായ ഉമറുമാണ് ഇതിനകം റിമാൻഡിലായിട്ടുള്ളത്. ഉമറിന്‍റെ കാമുകി ഐശ്വര്യയും പ്രതിപ്പട്ടികയിലേക്ക് എത്തി.