പ്രളയത്തില്‍ ഒലിച്ചെത്തിയ കുട്ടിയാന ഒടുവിൽ മരണത്തിന് കീഴടങ്ങി

By Web TeamFirst Published Oct 4, 2019, 5:01 PM IST
Highlights

പ്രളയത്തിലെ മലവെള്ളപ്പാച്ചിലിൽ ഒഴുകി വന്ന കുട്ടിയാന ചരിഞ്ഞു. വനം വകുപ്പ് ഡോക്ടർമാരുടെ പ്രത്യേക നിരീക്ഷണത്തിലായിരുന്ന ആനക്കുട്ടിയുടെ ആരോഗ്യനില കുറച്ച് ദിവസമായി മോശമായിരുന്നു.

തിരുവനന്തപുരം: പ്രളയത്തിൽ അകപ്പെട്ട് നിലമ്പൂർ കരുളായി വനമേഖലയിൽ നിന്ന് രണ്ട് മാസം മുമ്പ് കാപ്പുകാട് എത്തിച്ച കുട്ടിയാന ചരിഞ്ഞു. വനം വകുപ്പ് ഡോക്ടർമാരുടെ പ്രത്യേക നിരീക്ഷണത്തിലായിരുന്ന ആനക്കുട്ടി കുറച്ച് ദിവസങ്ങളായി ഭക്ഷണം കഴിക്കാത്ത സ്ഥിതിയിലായിരുന്നു.

രണ്ട് മാസം മുമ്പ് കോട്ടൂരിലെ ആന പരിശീലന കേന്ദ്രത്തിൽ എത്തിച്ചപ്പോൾ മുതൽ ആനക്കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഒരുമാസം മാത്രം പ്രായം ഉള്ളതിനാൽ പ്രത്യേക ആഹാരങ്ങളായിരുന്നു കുട്ടിയാനയ്ക്ക് നൽകിയിരുന്നത്. ഡോക്ടർമാരുടെ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തായിരുന്നു പരിപാലനം. എന്നാൽ, രണ്ട് ദിവസം മുമ്പ് കുട്ടിയാനയുടെ ആരോഗ്യ നില കൂടുതൽ വഷളായി.

മലവെള്ളപ്പാച്ചിലിൽ കൂട്ടം തെറ്റി ഒഴുകിപ്പോയ ആനക്കുട്ടിയെ കരുളായി വനമേഖലയിൽ നിന്ന് വനംവകുപ്പ് അധികൃതരാണ് രക്ഷപ്പെടുത്തിയത്. ആനക്കൂട്ടത്തെ കണ്ടെത്തി ഒപ്പം പറഞ്ഞയക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. ഇതോടെയാണ് കുട്ടിയാനയെ കോട്ടൂരിലേക്ക് മാറ്റാൻ തീരുമാനിച്ചത്. പോസ്റ്റ്‍മോർട്ടം നടപടികൾക്ക് ശേഷം കുട്ടിയാനയുടെ ജഡം കോട്ടൂർ വനമേഖലയിൽ മറവ് ചെയ്തു.

click me!