
പാലായിലെ ജൂനിയർ അത്‍ലറ്റിക് മീറ്റിൽ ഹാമർ ത്രോ മത്സരത്തിനിടെ ഹാമർ തലയിൽ വീണ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. അത്‍ലറ്റിക് മീറ്റിലെ വളണ്ടിയറായിരുന്ന അഫീൽ ജോൺസനാണ് പരിക്കേറ്റത്. കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച അഫീലിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ജൂനിയർ അത്‍ലറ്റിക് മീറ്റിന്‍റെ ആദ്യദിനത്തിൽ ജാവലിൻ, ഹാമർ ത്രോ മത്സരങ്ങൾ നടക്കുകയായിരുന്നു. ഈ സമയം ഗ്രൗണ്ടിൽ വീണ ജാവലിനുകൾ എടുത്ത് മാറ്റാൻ നിന്ന അഫീൽ ജോൺസന്‍റെ തലയിലേക്ക് എതിർദിശയിൽ നിന്ന് ഹാമർ വന്ന് വീഴുകയായിരുന്നു. ഭാരമേറിയ ഇരുമ്പ് ഗോളം പതിച്ച് അഫീലിന്‍റെ തലയോട്ടി തകർന്നു. ഉടൻ തന്നെ അബേലിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പാല സെന്‍റ് തോമസ് ഹയർസെക്കൻറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് അഫീൽ.
സംഘാടകരുടെ വീഴ്ചയാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം. ജാവലിൻ, ഹാമർ ത്രോ മത്സരങ്ങൾ ഒരേസമയമാണ് നടത്തിയത്. ഗ്രൗണ്ടിന്‍റെ രണ്ട് ഭാഗത്ത് നടത്തിയ മത്സരങ്ങൾക്ക് പക്ഷേ ഉണ്ടായിരുന്നത് ഒരു ഫിനിഷിംഗ് പോയന്‍റ്. എന്നാൽ സംഘാടകർ ആരോപണം നിഷേധിച്ചു. ജൂനിയർ അത്‍ലറ്റിക് മീറ്റ് നിയന്ത്രിക്കാൻ ആവശ്യത്തിന് കായികാധ്യാപകരില്ലെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. മീറ്റിൽ ആവശ്യത്തിന് സുരക്ഷ ഒരുക്കിയിരുന്നില്ലെന്നും ആരോപണമുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam