ശസ്ത്രക്രിയ ഉടനില്ല; നവജാതശിശുവിന്‍റെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടർമാർ

By Web TeamFirst Published Apr 16, 2019, 8:47 PM IST
Highlights

24 മണിക്കൂർ നിരീക്ഷണത്തിന് ശേഷമേ കുട്ടിയുടെ ശസ്ത്രക്രിയ സംബന്ധിച്ച തീരുമാനം എടുക്കാനാകൂ എന്ന് ഡോക്ടർമാർ. 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിന്‍റെ നിരീക്ഷണത്തിലാണ്.

കൊച്ചി: മംഗലാപുരത്ത് നിന്ന് കൊച്ചിയിലെത്തിച്ച നവജാതശിശുവിന്‍റെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടർമാർ. 24 മണിക്കൂർ നിരീക്ഷണത്തിന് ശേഷമേ കുട്ടിയുടെ ശസ്ത്രക്രിയ സംബന്ധിച്ച തീരുമാനം എടുക്കാനാകൂ എന്ന് ഡോക്ടർമാർ അറിയിച്ചു. സംസ്ഥാന സർക്കാരിന്‍റെ ഹൃദ്യം പദ്ധതിയിൻ കീഴിലാണ് കുട്ടിയുടെ ചികിത്സ നടക്കുക.

ഒരു നാട് കൈക്കുമ്പിളിൽ എടുത്ത കുഞ്ഞുഹൃദയത്തെ കാത്തുപരിപാലിക്കുകയാണ് ആശുപത്രി അധികൃതരും. 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് ഇപ്പോള്‍ എറണാകുളം അമൃത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിന്‍റെ നിരീക്ഷണത്തിലാണ്. സങ്കീർണമായ ഹൃദ്രോഗമാണ് കുട്ടിക്കുള്ളത്. ഹൃദയവാൽവിന്‍റെ ഗുരുതര തകരാറാണ് പ്രധാന പ്രശ്നം. 24 മണിക്കൂർ  നിരീക്ഷണത്തിലൂടെ കുട്ടിയെ ശസ്ത്രക്രിയക്ക് സജ്ജമാക്കണം.

ശസ്ത്രക്രിയക്ക് മുമ്പ് വൃക്ക, കരള്‍, തലച്ചോറ് എന്നിവയുടെ പ്രവർത്തനം വിലയിരുത്തണം. അതിനായി മരുന്നുകള്‍ നൽകും. ഒപ്പം അണുബാധയില്ലെന്ന് ഉറപ്പും വരുത്തണം.ഇവയെല്ലാം കൃത്യമായി പരിശോധിച്ച് കുഞ്ഞ് ശരീരം സാധാരണനിലയിൽ ആക്കിയതിന് ശേഷം മാത്രം ആകും ശസ്ത്രക്രിയയിൽ തീരുമാനം എടുക്കുക. 24 മണിക്കൂറിന് ശേഷം അനുകൂലമായ തീരുമാനം പങ്ക് വയ്ക്കാനാകുമെന്ന് പ്രതീക്ഷയിലാണ് ഡോക്ടർമാർ. കേരളം കൈകോർത്ത ദൗത്യത്തിന് പൂർണ പിന്തുണയേകി ആരോഗ്യമന്ത്രി തന്നെ പ്രശ്നത്തിൽ ഇടപെട്ടതാണ് കുഞ്ഞിന്‍റെ ചികിത്സയ്ക്ക് വഴിത്തിരിവായത്.

Also Read: ആശങ്കകളവസാനിച്ചു; കുട്ടിയെ ഹൃദയ ശസ്ത്രക്രിയക്കായി ആമൃത ആശുപത്രിയില്‍ എത്തിച്ചു

click me!