Asianet News MalayalamAsianet News Malayalam

ആശങ്കകളവസാനിച്ചു; കുട്ടിയെ ഹൃദയ ശസ്ത്രക്രിയക്കായി ആമൃത ആശുപത്രിയില്‍ എത്തിച്ചു

നേരത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്ന കുഞ്ഞിനെ  ആരോഗ്യവകുപ്പ് മന്ത്രി കെകെ ഷൈലജ വിഷയത്തിൽ ഇടപെട്ടതിന് പിന്നാലെ അമൃത ആശുപത്രിയിലെത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.  

Ambulance mission reached amrutha hospital
Author
Kochi, First Published Apr 16, 2019, 4:35 PM IST

തിരുവനന്തപുരം: 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് ഹൃദയ ശസ്‌ത്രക്രിയക്കായ് മംഗലാപുരത്ത് നിന്ന് പുറപ്പെട്ട ആംബുലന്‍സ് അമൃത ആശുപത്രിയിലെത്തിച്ചു. നാനൂറ് കിലോമീറ്റര്‍ ദൂരം അഞ്ചര മണിക്കൂര്‍ കൊണ്ട് സഞ്ചരിച്ചാണ് ആംബുലന്‍സ് അമൃതയിലെത്തിയത്

നേരത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്ന കുഞ്ഞിനെ  ആരോഗ്യവകുപ്പ് മന്ത്രി കെകെ ഷൈലജ വിഷയത്തിൽ ഇടപെട്ടതിന് പിന്നാലെ അമൃത ആശുപത്രിയിലെത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.  ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി മുഴുവൻ ചികിത്സ ചിലവും സർക്കാർ വഹിക്കാനും തീരുമാനമായിട്ടുണ്ട്.

15 ദിവസം പ്രായമായ കുഞ്ഞിനെ അമൃതയിലേക്ക് കൊണ്ടുപോകുന്നതിനെ എതിർത്ത് ചൈൽഡ് പ്രൊട്ടക്ഷൻ ടീം നിലപാടെടുത്തിരുന്നു. എന്നാല്‍ സർക്കാർ ചിലവിൽ അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കാനായിരുന്നു മന്ത്രിയുടെ നിർദ്ദേശം. കുട്ടിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകണം എന്ന് ഇവർ വാശിപിടിച്ചു. എന്നാൽ കുഞ്ഞിന്റെ ജീവനാണ് തനിക്ക് ഏറ്റവും വിലയെന്ന് മന്ത്രി പറഞ്ഞു. ഒടുവിൽ മന്ത്രിയുടെ കർശന നിർദ്ദേശത്തിന് വഴങ്ങി കുഞ്ഞിനെ അമൃതയിലേക്ക് തന്നെ മാറ്റുകയായിരുന്നു.

മന്ത്രി പറഞ്ഞതിങ്ങനെ,

"ഞാനിപ്പോഴാണ് കാര്യമറിഞ്ഞത്. ഇന്നലെ തന്നെ കുഞ്ഞിനെ വിദഗ്ദ്ധ പരിചരണത്തിന് കോഴിക്കോട് മിംസിലോ, എറണാകുളം അമൃതയിലേക്കോ മാറ്റാമെന്ന് അവിടുത്തെ ആരോഗ്യപ്രവർത്തകർ അറിയിച്ചിരുന്നു. 18 വയസിന് താഴെയുള്ള കുട്ടികൾക്ക് ഹൃദ്രോഗം വന്നാൽ ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി ചികിത്സിക്കാനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. മുഴുവൻ ചിലവും സർക്കാർ വഹിക്കുന്നതാണ് ഈ പദ്ധതി. ഇതുവരെ 1100 ലേറെ കുട്ടികൾക്ക് ഈ പദ്ധതിയിലൂടെ ചികിത്സ ലഭ്യമാക്കി. ഇതും ഹൃദ്യത്തിൽ ഉൾപ്പെടുത്തി ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ട്."

"ഈ കുട്ടിയുടെ ചികിത്സ അമൃതയിൽ നടത്താനുള്ള നിർദ്ദേശം കൊടുത്തിട്ടുണ്ട്. അതിനുള്ള എല്ലാ സൗകര്യവും അവിടെ ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം വരെ യാത്ര ചെയ്യുന്നത് അപകടകരമാണ്. അതിനാലാണ് അമൃതയിൽ ആവശ്യമായ സൗകര്യം ഒരുക്കിയത്. കുട്ടിയുടെ ആരോഗ്യനില സുരക്ഷിതമാണ്."

"അമൃതയിൽ കൊണ്ടുപോകാനാണ് ഞാൻ നൽകിയ നിർദ്ദേശം. ശ്രീചിത്രയിൽ തന്നെ കൊണ്ടുവരണമെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ടീം വാശിപിടിക്കുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം അവർക്കാണ്. എന്നെ സംബന്ധിച്ച്, എന്റെ ഉത്തരവാദിത്വം കുഞ്ഞിന്റെ ജീവൻ രക്ഷിക്കലാണ്. ചൈൽഡ് പ്രൊട്ടക്ഷൻ ടീം എന്തിനാണ് വാശി പിടിക്കുന്നതെന്ന് എനിക്ക് അറിയില്ല. ജീവൻ രക്ഷിക്കുകയെന്നതാണ് പ്രധാനം. നേരത്തെ കുഞ്ഞിനെ കോഴിക്കോട് മിംസിൽ പ്രവേശിപ്പിക്കാമായിരുന്നു. അവിടം കഴിഞ്ഞുപോയതിനാൽ ഇനി അമൃതയിലേ പ്രവേശിപ്പിക്കാനാവൂ," മന്ത്രി പറഞ്ഞു. ഒടുവില്‍ കുട്ടിയുടെ സുരക്ഷ മുന്‍നിര്‍ത്തി സര്‍ക്കാര്‍ തീരുമാനപ്രകാരം കുഞ്ഞിനെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios