സാക്ഷരതാമിഷനില്‍ പിന്‍വാതില്‍ നിയമനം; 83 പേരെ സ്ഥിരപ്പെടുത്താന്‍ നീക്കം

By Web TeamFirst Published Oct 7, 2020, 6:58 AM IST
Highlights

2016ലെ സർക്കാർ ഉത്തരവും, സുപ്രീംകോടതി നിർദ്ദേശങ്ങളും എല്ലാം മറികടന്നാണ് സിപിഎം അനുഭാവികളായ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം.

തിരുവനന്തപുരം: വിവാദമായ സാക്ഷരതാമിഷൻ നിയമനം ഇന്ന് മന്ത്രിസഭയുടെ പരിഗണനയ്ക്ക്. സാക്ഷരതാ മിഷനിൽ സിപിഎം അനുകൂലികളായ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് നീക്കം. ജില്ലാ പ്രൊജക്ട് കോർഡിനേറ്റർമാരടക്കം 83 പേരെയാണ് സ്ഥിരപ്പെടുത്തുക. കൊവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും കൂടുതൽ പിൻവാതിൽ നിയമനങ്ങൾക്ക് വഴിതുറക്കുകയാണ് സർക്കാർ. 

സാക്ഷരതാ മിഷനിൽ പത്തു വർഷം പൂർത്തിയാക്കിയ കരാർ ജീവനക്കാരെയാണ് സ്ഥിരപ്പെടുത്തുന്നത്. 2016ലെ സർക്കാർ ഉത്തരവും, സുപ്രീംകോടതി നിർദ്ദേശങ്ങളും എല്ലാം മറികടന്നാണ് സിപിഎം അനുഭാവികളായ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം. 14 ജില്ലാ പ്രൊജക്റ്റ്‌ കോർഡിനേറ്റർമാർ, 36 അസി. ജില്ലാ പ്രൊജക്റ്റ്‌ കോർഡിനേറ്റർമാർ, ഓഫീസ് അസിസ്റ്റന്‍റുമാരും, ക്ലർക്കുമാരും ഉൾപ്പെടെ 25 പേർ, 5 പ്യൂൺ തസ്തികയിലെ ജീവനക്കാർ, രണ്ട് ഡ്രൈവർമാർ എന്നിങ്ങനെയാണ് തസ്തികകളുടെ ലിസ്റ്റ്. 

ഇതിൽ പലതും അംഗീകൃത തസ്തികകൾ പോലും അല്ല. ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാർ സാക്ഷരതാ മിഷന്‍റെ ജില്ലാതല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർമാർക്കും, അസിസ്റ്റന്‍റ് ജില്ലാ കോർഡിനേറ്റർമാർക്കും ചട്ടവിരുദ്ധമായി ഹയർ സെക്കൻഡറി അധ്യാപകർക്ക് തുല്യമായ നിലയിൽ വേതനം വർധിപ്പിച്ചു നൽകിയത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലെ സമാന തസ്തികയിലെ ശമ്പള സ്കെയില്‍ പോലും പരിഗണിക്കാതെയാണ് സാക്ഷരതാ മിഷനിലെ ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ക്ക് ധനവകുപ്പ് അനര്‍ഹമായ ശമ്പള വര്‍ധനവ് നടപ്പാക്കിയത്. ധനവകുപ്പിന്‍റെ നടപടിക്കെതിരായ വിജിലൻസ് അന്വേഷണം തുടരുന്നതിനിടെയാണ് ഫയൽ മന്ത്രിസഭയുടെ മുന്നിലെത്തുന്നത്. 2016 മുതൽ അനധികൃത നിയമനങ്ങളിലൂടെ 9 കോടി രൂപയാണ് നഷ്ടമായത്. താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള ശുപാർശ മുൻ സർക്കാരിന്‍റെ കാലത്തു തന്നെ ഉണ്ടായിരുന്നതാണെന്നാണ് സാക്ഷരതാ മിഷൻ ഡയറക്ടറുടെ വിശദീകരണം. 
 

click me!