വികസനകമ്മീഷണർ നിയമനം; എതിർപ്പുമായി സിപിഐ സംഘടന, പാർട്ടിക്കും അതൃപ്തി

By Web TeamFirst Published Oct 7, 2020, 6:42 AM IST
Highlights

മന്ത്രിസഭായോഗത്തിൽ പോലും കൊണ്ടുവരാതെ ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. പൊതുഭരണവകുപ്പാണ് നിയമച്ചതെങ്കിലും എഡിഎം ഉൾപ്പടെ റവന്യൂഉദ്യോഗസ്ഥരുടെ അധികാരത്തിലുള്ള കടന്ന് കയറ്റമാണിതെന്നാണ് ആക്ഷേപം. 

തിരുവനന്തപുരം: ആറ് ജില്ലകളിൽ ജില്ലാ വികസന കമ്മീഷണർമാരെ നിയമിച്ചതിനെതിരെ സിപിഐ ജീവനക്കാരുടെ സംഘടന. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംഘടന മുഖ്യമന്ത്രിക്ക് കത്ത് നൽകി. നിയമനത്തിൽ റവന്യൂമന്ത്രിക്കും കടുത്ത എതിർപ്പുണ്ട്. 
കോർപ്പറേഷനുകളുള്ള ആറ് ജില്ലകളില്‍ ജില്ലാകളക്ടർക്ക് പുറമേ ജില്ലാ വികസന കമ്മീഷണർമാരെ നിയമിച്ചതാണ് ജോയിന്‍റ് കൗൺസിലിനെ തുറന്ന പോരിലേക്ക് എത്തിച്ചത്. 

മന്ത്രിസഭായോഗത്തിൽ പോലും കൊണ്ടുവരാതെ ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. പൊതുഭരണവകുപ്പാണ് നിയമച്ചതെങ്കിലും എഡിഎം ഉൾപ്പടെ റവന്യൂഉദ്യോഗസ്ഥരുടെ അധികാരത്തിലുള്ള കടന്ന് കയറ്റമാണിതെന്നാണ് ആക്ഷേപം. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി റവന്യൂവകുപ്പിൽ ആവശ്യമായ നിയമനങ്ങളും ശമ്പളപരിഷ്ക്കരണങ്ങളും നടപ്പാതിരിക്കുമ്പോഴാണ് പുതിയ തസ്തിക ഉണ്ടാക്കിയത്.

തീരുമാനത്തിൽ സിപിഐ കടുത്ത അതൃപ്തിയിലാണ്. കളക്ടർമാരുടെ ജോലി ഭാരം കുറയ്ക്കാൻ അഡീഷണൽ കളക്ടർ എന്ന നിർദ്ദേശം നേരത്തെ ഉയർന്നിരുന്നു. എന്നാൽ ഈ നിർദ്ദേശം റവന്യൂമന്ത്രി തന്നെ തള്ളിക്കളഞ്ഞു. ഇത് നടപ്പാകാതെ വന്നപ്പോൾ പഴയ നിർദ്ദേശം പുതിയ പേരിൽ വന്നുവെന്നാണ് സിപിഐയുടെ ആക്ഷേപം. ഇക്കാര്യം പാർട്ടിയുടെ നേതൃയോഗം ചർച്ച ചെയ്യുമെന്നാണ് സൂചന. 
 

click me!