
കോഴിക്കോട്: ചെത്തിത്തേക്കാത്ത വീട്, കൂലിപ്പണിയില്‍ നിന്ന് ലഭിക്കുന്ന ചെറുവരുമാനം, മറ്റ് ബാധ്യതകള്‍... തന്‍റെ കഷ്ടപ്പാടുകള്‍ എല്ലാം മഴക്കെടുതി ദുരിതം വിതച്ചവരുടെ അവസ്ഥ കണ്ടപ്പോള്‍ ബെെജു മറക്കുകയാണ്. കൂലിപ്പണിയില്‍ നിന്ന് മിച്ചം പിടിച്ച് സമ്പാദിച്ച ഒന്‍പത് സെന്‍റില്‍ നാല് സെന്‍റ് ഭൂമി പ്രളയബാധിതർക്ക് വീട് വയ്ക്കാൻ നല്‍കിയിരിക്കുകയാണ് കോഴിക്കോട് അത്തോളി സ്വദേശിയായ ബൈജു.
സ്വന്തം ബാധ്യതകൾ പോലും മറന്നാണ് ബൈജുവിന്‍റേയും കുടുംബത്തിന്‍റേയും സഹായം. പ്രളയദുരിതം കണ്ട ബൈജു ബാധ്യതകള്‍ മറന്നു സ്വരൂപിച്ച ഭൂമിയില്‍ പാതി ദുരിത ബാധിതര്‍ക്ക് നല്‍കുകയായിരുന്നു. കുന്നിൻ പുറത്തുള്ള മൂന്ന് സെന്‍റിലെ പണിതീരാത്ത വീടാണ് നാല് മക്കളും ഭാര്യയും അടങ്ങുന്ന ബൈജുവിന്റെ സമ്പാദ്യം. ഏഴ് വർഷമായി തുടങ്ങിയ വീടുപണി ഇതുവരെ കഴിഞ്ഞിട്ടില്ല.
കൂലി പണിയിൽ നിന്ന് ദിവസം കിട്ടുന്നത് 700 രൂപ വരുമാനമാണ്. അതുകൊണ്ട് ജീവിക്കാമെന്ന ആത്മവിശ്വാസമാണ് ബെെജുവിന്‍റെ കെെമുതല്‍. ദുരിതത്തില്‍ ആശ്രയമറ്റവര്‍ക്ക് പണമായി നൽകാൻ ബെെജുവിന്‍റെ മടിശീല കാലിയാണ്. ആകെയുള്ളത് വയനാട്ടിലെ സ്ഥലം മാത്രമാണ്. അതിൽ ഒരു പങ്ക് നൽകാമെന്ന് ബൈജു പറഞ്ഞപ്പോൾ കുട്ടികൾക്കും നൂറുവട്ടം സമ്മതം. കുന്നിന്‍ മുകളിലെ സ്ഥലത്തേക്കാള്‍ മെച്ചപ്പെട്ടതാണ് വയനാട്ടിലെ സ്ഥലം.
അവിടെ വീട് വെക്കാനായിരുന്നു ബെെജുവിനും കുടുംബത്തിനും ആഗ്രഹം. മറ്റൊരു ആ്രഗഹം കൂടെ ഈ കുടുംബത്തിനുണ്ട്, ഈ അവസ്ഥ കണ്ട് സഹായത്തിനായി ആരും ഇങ്ങോട്ട് വരരുതെന്ന്. ആരെങ്കിലും അങ്ങനെ ആഗ്രഹിക്കുന്നെങ്കില്‍ പ്രളയത്തില്‍ ഉള്‍പ്പെട്ട് തന്നെക്കാള്‍ ദുരിതം പേറുന്നവര്‍ ഏറെയാണ്. അവര്‍ക്ക് കൈത്താങ്ങാവണമെന്നും ബെെജു പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam