
കൊച്ചി: സംവിധായകൻ ബൈജു കൊട്ടാരക്കരയ്ക്കെതിരായ കോടതിയലക്ഷ്യക്കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജിയെ അപകീർത്തിപ്പെടുത്തിയതിനാണ് ബൈജുവിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുള്ളത്. കേസിൽ കഴിഞ്ഞ തവണ ബൈജു കൊട്ടാരക്കര ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി മാപ്പപേക്ഷിച്ചിരുന്നു. ജഡ്ജിയെ ആക്ഷേപിക്കാൻ ഉദേശിച്ചിരുന്നില്ലെന്നും ജുഡീഷ്യറിയെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയായിരുന്നില്ല പരാമർശങ്ങൾ എന്നുമാണ് ബൈജു കോടതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ വിചാരണ ജഡ്ജിയ്ക്ക് കഴിവില്ലെന്നും നീതിബോധമുള്ള ജഡ്ജിയാണെങ്കിൽ ഇറങ്ങിപ്പോകണമെന്നും ഒരു സ്വകാര്യ ചാനൽ ചർച്ചയിൽ പ്രതികരിച്ചതിനാണ് ഹൈക്കോടതി ബൈജുവിനെതിരെ സ്വമേധയാ കേസ് എടുത്തത്. കേസിൽ നേരിട്ട് ഹാജരാകാൻ ഹൈക്കോടതി രണ്ട് വട്ടം ആവശ്യപ്പെട്ടിട്ടും ബൈജു ഹാജരായിരുന്നില്ല. മൂന്നാം തവണ കോടതി നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയതോടെ ബൈജു കോടതിയിലെത്തി മാപ്പപേക്ഷിക്കുകയായിരുന്നു. കേസിലെ തുടർ നടപടികളിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നും ബൈജു ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് കോടതി അനുവദിച്ചിരുന്നില്ല.
കോടതിയലക്ഷ്യ കേസ് ഹൈക്കോടതി പരിഗണിക്കുന്നതിനിടെ ബൈജു കൊട്ടാരക്കരയുടെ മൊബൈൽ ഫോൺ റിംഗ് ചെയ്തിരുന്നു. കോതിമുറിയിൽ ഫോൺ ഉറക്കെ ശബ്ദിച്ചതോടെ ജഡ്ജ് നീരസം രേഖപ്പെടുത്തി. എന്നാൽ മറ്റ് നടപടികളിലേക്ക് കടന്നില്ല. കോടതിയലക്ഷ്യ കേസിന്‍റെ ഭാഗമായ വീഡിയോ അടക്കമുള്ളവ തനിക്ക് ലഭിച്ചിട്ടില്ലെന്ന ബൈജു കൊട്ടാരക്കരയുടെ ആവശ്യം കോടതി പരിഗണിച്ചു. ഇത് ലഭ്യമാക്കാൻ കോടതി ഹൈക്കോടതി റജിസ്ട്രാർക്ക് നിർദ്ദേശം നൽകിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam