
വയനാട്: ചീരാൽ പഞ്ചായത്തിന് ആശങ്കയിലാഴ്ത്തി വീണ്ടും കടുവയുടെ സാന്നിധ്യം. ഇന്നലെ രാത്രി മാത്രം മൂന്ന് വളർത്തു മൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്. പഴൂർ സ്വദേശി ഇബ്രാഹിമിൻ്റെ പശുവിനെ കൊന്ന കടുവ ഇബ്രാഹിമിൻ്റെ സഹോദരിയുടെ പശുവിനേയും ആക്രമിച്ച് പരിക്കേൽപിച്ചു. ഐലക്കാട് രാജൻ എന്നയാളുടെ പശുവിനേയും കടുവ ആക്രമിച്ചു.
ഒരു മാസത്തിനിടെ ചീരാൽ മേഖലയിൽ 13 വളർത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്. കടുവയുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്നലെ രാത്രിയിൽ ഗൂഢലൂർ - സുൽത്താൻ ബത്തേരി റോഡ് നാട്ടുകാർ ഉപരോധിച്ചിരുന്നു. തോട്ടാമൂല ഫോറസ്റ്റ് സ്‌റ്റേഷന് മുന്നിലായി ഇന്ന് മുതൽ രാപ്പകൽ സമരം ആരംഭിക്കാൻ നാട്ടുകാർ തീരുമാനിച്ചിട്ടുണ്ട്.
വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും രാത്രി മുഴുവൻ തെരഞ്ഞെങ്കിലും കടുവയെ പിടികൂടാനായിട്ടില്ല. വൈൽഡ് ലൈഫ് വാർഡൻ്റെ നേതൃത്വത്തിൽ വിപുലമായ സംഘമാണ് കടുവയ്ക്കായി ദിവസങ്ങളായി തെരച്ചിൽ നടത്തുന്നത്. ഉൾവനത്തിലടക്കംവനപാലകസംഘം തെരച്ചിൽ നടത്തിയെങ്കിലും ഫലമൊന്നുമുണ്ടായിട്ടില്ല.
കടുവയെ കണ്ടെത്താൻ 18 നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും മൂന്ന് കൂടുകൾ ഒരുക്കുകയും ചെയ്തിരുന്നു. ചീഫ് വെറ്റിനറി സർജൻ അരുണ് സക്കറിയയുടെ നേതൃത്വത്തിൽ മൂന്നംഗസംഘവും ആർആർടി ടീമും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. കടുവയെ കണ്ടെത്താൻ കൂടുതൽ തന്ത്രങ്ങൾ ആവിഷ്കരിക്കുമെന്ന് വനപാലകസംഘം അറിയിച്ചു. എന്നാൽ ഇത്ര ദിവസം കഴിഞ്ഞിട്ടും കടുവയെ പിടികൂടാൻ വനപാലകസംഘത്തിന് സാധിക്കാതെ വന്നതോടെ വലിയ പ്രതിഷേധത്തിലാണ് നാട്ടുകാർ.
വളർത്തുമൃഗങ്ങളെ ആക്രമിക്കാൻ തുടങ്ങിയപ്പോൾ തന്നെ മയക്കുവെടിവച്ച് കടുവയെ പിടികൂടാൻ വനം വകുപ്പ് തീരുമാനിച്ചിരുന്നു. എന്നാൽ പത്തു സംഘങ്ങളായി നടത്തിയ തിരച്ചിലിലും കടുവയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കടുവയുടെ നീക്കം കൃത്യമായി മനസിലാക്കാൻ സാധിക്കാത്തതാണ് വനം വകുപ്പിന് വെല്ലുവിളിയാകുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam