'ജഡ്ജിക്ക് കൊടുക്കാനായി അഭിഭാഷകന് പണം നല്‍കിയിട്ടില്ല', പണം നല്‍കിയത് ഫീസായിട്ടെന്ന് പ്രതി ബൈജു

By Web TeamFirst Published Jan 28, 2023, 2:17 PM IST
Highlights

ജാമ്യം തിരിച്ചുവിളിച്ചത് അറിഞ്ഞത് മാധ്യമങ്ങളിലൂടെ മാത്രമാണ്. ഏത് നടപടികളെയും നേരിടും എന്ന് ബൈജു സെബാസ്റ്റ്യൻ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

പത്തനംതിട്ട: ഹൈക്കോടതി കോഴ വിവാദത്തിൽ ആരോപണങ്ങൾ നിഷേധിച്ച് റാന്നിയിലെ കേസിലെ പ്രതി ബൈജു സെബാസ്റ്റ്യൻ. ജഡ്ജിക്ക് കൊടുക്കാനായി അഭിഭാഷകന് പണം നല്‍കിയിട്ടില്ല. അഭിഭാഷകൻ സൈബി ജോസിന് ഫീസിനത്തിൽ മാത്രമാണ് പണം നൽകിയത്. അഞ്ച് കേസുകൾക്കായി ഒരു ലക്ഷം രൂപ മാത്രമാണ് കൊടുത്തിട്ടുള്ളത് എന്നും ബൈജു സെബാസ്റ്റ്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജാമ്യം തിരിച്ചുവിളിച്ചത് അറിഞ്ഞത് മാധ്യമങ്ങളിലൂടെ മാത്രമാണ്. ഏത് നടപടികളെയും നേരിടും എന്ന് ബൈജു സെബാസ്റ്റ്യൻ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

അനുകൂല വിധി വാങ്ങി നൽകാമെന്ന് ധരിപ്പിച്ച്  ജസ്റ്റിസ് സിയാദ് റഹ്മാൻ അടക്കം 3 ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് സൈബി ജോസിന് തിരിച്ചടിയായി ഹൈക്കോടതിയുടെ അസാധാരണ നടപടി. സൈബി ജോസ് ഹാജരായ രണ്ട് കേസുകളിൽ പത്ത് പ്രതികൾക്ക് ജാമ്യം അനുവദിച്ച രണ്ട് ഉത്തരവുകൾ  ജസ്റ്റിസ് സിയാദ് റഹ്മാൻ തിരിച്ചു വിളിച്ചത്. ഇരകളായ തങ്ങളുടെ വാദം കേൾക്കാതെയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചതെന്നും നോട്ടീസ് നൽകാതെയാണ് വാദം പൂർത്തിയാക്കിയതെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു. റാന്നി പൊലീസ് പട്ടികജായി പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരം എടുത്ത കേസിൽ പ്രതികൾക്ക് ജാമ്യം ലഭിച്ചത് സംശയാസ്പദമാണെന്നും ഹർജിക്കാരായ ബാബു , മോഹനൻ എന്നിവർ കോടതിയെ അറിയിച്ചു.  

പ്രതികൾക്ക് വേണ്ടി സൈബി ജോസ് കിടങ്ങൂർ ആയിരുന്നു അന്ന് ഹാജരായതെന്നും  നോട്ടീസ് ലഭിക്കാത്തതിൽ സംശയമുണ്ടെന്നും ഹർജിക്കാർ  കോടതി അറിയിച്ചു. തുടർന്നാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ  2022 ഏപ്രിൽ 29 ന്  താൻ പുറപ്പെടുവിച്ച രണ്ട്  ഉത്തരവ്  പുനപരിശോധിച്ചത്. വാദി ഭാഗത്തിന് നോട്ടീസ് നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. റാന്നി എസ് എച്ച്  ഒ യ്ക്ക് ആയിരുന്നു നിർദ്ദേശം. എന്നാൽ കേസ് പരിഗണിച്ചപ്പോൾ ഇരയുടെ വാദത്തിനായി അഭിഭാഷകർ ഉണ്ടായിരുന്നില്ല. കോടതി ഇക്കാര്യം ആരാഞ്ഞപ്പോൾ നോട്ടീസ് നൽകിയിരുന്നെന്നായിരുന്നു പ്രോസിക്യൂഷൻ മറുപടി. എന്നാൽ നോട്ടീസ് നൽകിയിരുന്നില്ല എന്ന് കോടതിക്ക് ബോധ്യമായി. തുടർന്നാണ് സിആർപിസി 482 പ്രകാരം മുൻ ഉത്തരവ് തിരിച്ചു വിളിക്കുന്നതായി  ജസ്റ്റിസ് സിയാദ് റഹ്മാൻ  അറിയിച്ചത്. ഇരയുടെ വാദം കേൾക്കാതെ പ്രതികൾക്ക് ജാമ്യം നൽകിയത് സുപ്രീംകോടതിയുടെ മുൻ ഉത്തരവുകളുടെ ലംഘനമാണെന്നും കോടതി വിലയിരുത്തി. 

click me!