Latest Videos

മുനമ്പം മനുഷ്യക്കടത്ത്: ബോട്ട് ഉടമ അടക്കമുള്ള പ്രതികളുടെ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും

By Web TeamFirst Published Mar 22, 2019, 8:27 AM IST
Highlights

മുനമ്പത്തേത് മനുഷ്യക്കടത്താണെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അന്വേഷണം പൊലീസ് നല്ല നിലയിലാണ് നടത്തുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്

കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസിൽ ജയിൽ കഴിയുന്ന ബോട്ട് ഉടമ അനിൽ കുമാർ അടക്കം മൂന്ന് പ്രതികൾ സമർപ്പിച്ച ജാമ്യഹർ‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബോട്ട് ഉടമ അനിൽ കുമാറിന് പുറമെ ഇടനിലക്കാരായ പ്രഭു, രവി എന്നിവരാണ് ഹർജിയുമായി കോടതിയെ സമീപിച്ച മറ്റ് രണ്ട് പേർ.

ഇതോടോപ്പം സർക്കാർ സമർപ്പിച്ച റിപ്പോർട്ടും കോടതി പരിഗണിക്കും. മുനമ്പത്തേത് മനുഷ്യക്കടത്താണെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അന്വേഷണം പൊലീസ് നല്ല നിലയിലാണ് നടത്തുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. രാജ്യ സുരക്ഷയെ ബാധിക്കുന്ന കേസായിട്ടും എന്ത് കൊണ്ട് അന്വേഷണം കേന്ദ്ര ഏജൻസിയ്ക്ക് കൈമാറിയില്ലെന്ന് നേരത്തെ ഹൈക്കോടതി ആരാഞ്ഞിരുന്നു.

എന്നാല്‍, കേസ് അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറേണ്ടതില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. പൊലീസ് അന്വേഷണം കാര്യക്ഷമമെന്നും സർക്കാർ റിപ്പോർട്ടില്‍ പറയുന്നു. മുനമ്പത്തേത് മനുഷ്യക്കടത്ത് എന്ന് പറയാനാവില്ല. മനുഷ്യ കടത്താണെന്നു പറയണമെങ്കിൽ ഇരകളെ കണ്ടെത്തണം. ബോട്ടിൽ പോയവർ അറസ്റ്റിലായവരുടെ ബന്ധുക്കളാണെന്നും മുഖ്യപ്രതികളെ തിരിച്ചറിഞ്ഞുവെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 

മുനമ്പം തീരത്ത് നിന്ന് ഇക്കഴിഞ്ഞ ജനുവരി 12ന് സ്ത്രീകളും കുട്ടികളും അടക്കം നൂറിലേറെപ്പേരെ വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. ദയാമാത ബോട്ട് ഉടമകളിൽ ഒരാളായ കോവളം സ്വദേശി അനിൽ കുമാർ, ദില്ലി സ്വദേശികളായ പ്രഭു പ്രഭാകരൻ, രവി സനൂപ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്.  അനധികൃത കുടിയേറ്റത്തിന് പുറമേ മൂന്ന് വകുപ്പുകൾ കൂടി കൂട്ടിച്ചേർത്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികൾക്കെതിരെ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, എമിഗ്രേഷൻ ആക്ട്, ഫോറിനേഴ്സ് ആക്ട് തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. 

click me!