
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസിലെ നാലാം പ്രതി ബാസിതിന്റെ ജാമ്യ അപേക്ഷ കോടതി തളളി. തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിരസിച്ച് ഉത്തരവ് പുറത്തിറക്കിയത്.
ബാസിത് ആണ് ഹരിദാസനെ മറ്റ് പ്രതികൾക്ക് പരിചയപ്പെടുത്തിയതെന്നും തട്ടിപ്പിനെ ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തിയതെന്നും പ്രോസിക്യൂട്ടർ വാദിച്ചു. മാത്രമല്ല, മന്ത്രിയുടെ പിഎ അഖിൽ മാത്യുവിന്റെ പേര് കളവായി വലിച്ചിഴച്ചതും അഖിൽ മാത്യുവിനു പണം കൈമാറിയതായി കള്ളക്കഥ ചമച്ചതും ഹരിദാസനെ കൊണ്ട് പിഎ ക്കെതിരെ പരാതി നൽകിച്ചതും നാലാം പ്രതി ബാസിത് ആണെന്ന് പ്രോസിക്യൂട്ടർ മനു കല്ലംപള്ളി വാദത്തിൽ വെളിപ്പെടുത്തി. പ്രതി മലപ്പുറം എ.ഐ.എസ്.എഫ് ജില്ലാ ഭാരവാഹി ആയിരുന്നു എന്നും ഗൂഢാലോചനയിൽ പ്രതിക്ക് പ്രധാന പങ്കാളിത്തമാണുള്ളതെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. അതിനാൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
എന്നാൽ ഹരിദാസൻ ആവശ്യപ്പെട്ടത് അനുസരിച്ച് മറ്റ് പ്രതികളെ പരിചയപ്പെടുത്തിയത് മാത്രമേ ഉള്ളൂവെന്നും യാതൊരു തുകയും ഇയാൾ കൈപ്പറ്റിയിട്ടില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. രണ്ടാഴ്ചയിലേറെയായി പ്രതി കസ്റ്റഡിയിലാണെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്.
നിയമനകോഴ കേസ്: മന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തിയ ഗൂഡാലോചന തെളിയിക്കാനാവാതെ പൊലീസ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam