ഫാദർ ബിനോയ് ജോണിന് ജാമ്യം അനുവദിച്ച് ഗോഡ സിജെഎം കോടതി

By Web TeamFirst Published Sep 16, 2019, 4:04 PM IST
Highlights

ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ഉൾപ്പടെ ഉള്ളവർ നിയമ സഹായവുമായി ഗോഡയിൽ എത്തിയിരുന്നു. 
 

ദില്ലി: ജാര്‍ഖണ്ഡിലെ ഗോഡ ജില്ലാ ജയിലില്‍ കഴിയുന്ന മലയാളി വൈദികന്‍ ഫാദർ ബിനോയ് ജോണിന് ജാമ്യം. ഗോഡ സിജെഎം കോടതിയാണ് ഉപാധികളോടെ ബിനോയ് ജോണിന് ജാമ്യം അനുവദിച്ചത്. ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ഉൾപ്പടെ ഉള്ളവർ നിയമ സഹായവുമായി ഗോഡയിൽ എത്തിയിരുന്നു. 

ബിനോയ് ജോണിന്റെ മോചനം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിനും ആഭ്യന്തര മന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും ഡീന്‍ കുര്യാക്കോസ് കത്ത് നല്‍കിയിരുന്നു. അറസ്റ്റ് ന്യൂനപക്ഷ വേട്ടയുടെ ഭാഗമാണെന്നും ബിനോയ് ജോണിന് ജാമ്യം ലഭിക്കാത്തിരിക്കാൻ പൊലീസും ഭരണകൂടവും ഒത്തുകളിച്ചുവെന്നും ഡീൻ കുര്യാക്കോസ് ആരോപിച്ചിരുന്നു. 

ഈ മാസം ആറിനാണ് തൊടുപുഴ വെട്ടിമറ്റം സ്വദേശിയും ഭാഗല്‍പൂര്‍ രൂപതാ വൈദികനുമായ ഫാദർ ബിനോയ് ജോണിനെ ജാര്‍ഖണ്ഡിലെ ദിയോദാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മതപരിവര്‍ത്തനം, ഭൂമി കൈയ്യേറ്റം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ബിനോയ് ജോണിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ മറ്റൊരു വൈദിനകനെയും വിശ്വാസിയെയും കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചിരുന്നു.

കോടതിയില്‍ ഹാജരാക്കിയ ബിനോയ് ജോണിനെ ഗോഡ ജില്ലാ ജയിലില്‍ റിമാൻഡ് ചെയ്തിരുന്നു. നാലുവര്‍ഷമായി ഗോഡയിലെ രജതയിലുള്ള ധ്യാനകേന്ദ്രത്തിലായിരുന്നു ഫാദർ ബിനോയ് ജോണ്‍ സേവനമനുഷ്ഠിച്ചിരുന്നത്. ആദിവാസി മേഖലയിലായിരുന്നു പ്രവര്‍ത്തനം. 

click me!