നടിയെ ആക്രമിച്ച കേസ്: സാക്ഷിയെ ഭീഷണിപ്പെടുത്തിയ ഗണേഷിൻ്റെ മുൻ സ്റ്റാഫിന് ജാമ്യം

By Web TeamFirst Published Dec 1, 2020, 12:56 PM IST
Highlights

ഹോസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രദീപിന് ജാമ്യം അനുവദിച്ചത്.

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ കെ ബി ഗണേശ് കുമാർ എം എൽ എ യുടെ മുൻ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിന് ജാമ്യം. ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കർശന ഉപാധികളോടെ  ജാമ്യം അനുവദിച്ചത്. 
കഴിഞ്ഞ 24 നാണ് പ്രദീപ് കുമാറിനെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.

ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്നവശ്യപ്പെട്ട് മാപ്പുസാക്ഷി വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയെന്നാണ് പ്രദീപ് കുമാറിനെതിരായ കേസ് . കഴിഞ്ഞ മാസം 24 ന് പുലർച്ചെയാണ് പത്തനാപുരത്ത് ഗണേഷ് കുമാർ എം എൽ എ യുടെ ഓഫീസിൽ നിന്ന് പ്രദീപ് കുമാറിനെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.

നാല് ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്‌തെന്നും റിമാൻഡ് നീട്ടരുതെന്നുമുള്ള പ്രതിഭാഗം വാദം കോടതി അംഗീകരിച്ചു. 7 വർഷത്തിൽ താഴെ ശിക്ഷയുള്ള കേസുകളിൽ ജാമ്യം അനുവദിക്കാൻ കീഴ്ക്കോടതികൾക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി വിധിയുണ്ടെന്നും പ്രതിഭാഗം വാദിച്ചിരുന്നു.  4 ദിവസത്തെ കസ്റ്റഡിയിൽ വിട്ടിട്ടും പ്രതിയെ കൊല്ലത്തെത്തിച്ച് തെളിവെടുക്കാത്തതെന്തെന്ന് കോടതി ഇന്നലെ ജാമ്യാപേക്ഷ പരിഗണിക്കവേ ചോദിച്ചിരുന്നു. ഉന്നത സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കുമെന്ന് പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചില്ല.

click me!