
പത്തനംതിട്ട: രണ്ടാം പിണറായി സർക്കാരിൽ ഏറ്റവും മികച്ച പ്രകടനം നടത്തുമെന്ന് പൊതുജനം പ്രതീക്ഷിക്കുന്ന മന്ത്രിമാരുടെ കൂട്ടത്തിൽ ആദ്യ പേരുകാരനാണ് കെ എൻ ബാലഗോപാൽ. നാലു പതിറ്റാണ്ടിലേറെ നീണ്ട പൊതു ജീവിതത്തിന്റെ അനുഭവ സമ്പത്തുമായാണ് പിണറായി മന്ത്രിസഭയിലെ പ്രധാനികളിലൊരാളായി ഈ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം കടന്നു വരുന്നത്.
സമര തീക്ഷ്ണമായ രാഷ്ട്രീയ വഴികൾ ഒരുപാട് കടന്നാണ് പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരെന്ന ഗ്രാമത്തിൽ നിന്ന് കെ എൻ ബാലഗോപാൽ സംസ്ഥാന മന്ത്രിസഭയിലേക്ക് എത്തുന്നത്. സമരമുഖങ്ങളിൽ ചിന്തിയ ചോരയുടെ ചൂടും ജയിൽ ജീവിതത്തിൻ്റെ ചൂരുമേറ്റായിരുന്നു പുനലൂർ എൻ എസ് എസ് കോളജിലെ സാധാരണ പ്രവർത്തകനിൽ നിന്ന് എസ് എഫ് ഐ യുടെയും ഡിവൈഎഫ്ഐയുടെയും അഖിലേന്ത്യാ അധ്യക്ഷ പദവികളോളമുള്ള ബാലഗോപാലിൻ്റെ രാഷ്ട്രീയ വളർച്ച.
1996ലെ കന്നി മൽസരത്തിൽ അടൂരിൽ തോറ്റുപോയെങ്കിലും രണ്ടു വർഷത്തിനപ്പുറം സിപിഎം സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടിയിലെ വിഭാഗീയ ചേരിതിരിവിൽ വിഎസിനൊപ്പം നിലയുറപ്പിച്ചപ്പോഴും പിണറായിയുടെയും പ്രിയപ്പെട്ടവനാകാൻ ബാലഗോപാലിന് കഴിഞ്ഞു. മുഖ്യമന്ത്രി ഒരു വഴിക്കും പാർട്ടി മറുവഴിക്കുമായി നീങ്ങിയ വിഎസ് സർക്കാരിൽ പാർട്ടിക്കും മുഖ്യമന്ത്രിക്കുമിടയിലെ പാലമായിരുന്നു മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ ബാലഗോപാൽ. ഉൾപാർട്ടി പ്രശ്നങ്ങൾക്കിടയിലും പുലർത്തിയ രാഷ്ട്രീയ നയതന്ത്ര മികവിനുള്ള സമ്മാനം കൂടിയായിരുന്നു ബാലഗോപാലിന് 2010ൽ കിട്ടിയ രാജ്യസഭാഗംത്വം.
മിടുക്കനായ പാർലമെൻ്റേറിയൻ എന്ന വിളിപ്പേര് കിട്ടാൻ കാലമേറെ വേണ്ടി വന്നില്ല. ജനകീയ വിഷയങ്ങളിൽ പാർലമെൻ്റിനകത്തും പുറത്തും നടത്തിയ ഇടപെടലുകൾ സിപിഎം വിരുദ്ധർക്കിടയിൽ പോലും ആരാധകരെ സൃഷ്ടിച്ചു. പാർട്ടിയുടെ കൊല്ലം ജില്ലാ സെക്രട്ടറി പദം 2015ൽ ഏറ്റെടുത്ത ബാലഗോപാൽ തൊട്ടടുത്ത വർഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 11ൽ 11 സീറ്റിലും ഇടത് വിജയം ഉറപ്പിച്ചാണ് തൻ്റെ സംഘാടക മികവ് തെളിയിച്ചത്. 2019 ൽ കൊല്ലം പാർലമെൻ്റ് മണ്ഡലത്തിൽ നിന്ന് വീണ്ടും ജനവിധി തേടിയെങ്കിലും ആഞ്ഞു വീശിയ യുഡിഎഫ് തരംഗത്തിൽ ബാലഗോപാലും വീണു. പക്ഷേ രണ്ടു വർഷത്തിനിപ്പുറം മിന്നുന്നൊരു വിജയം നൽകി കൊട്ടാരക്കരക്കാർ ബാലഗോപാലിലെ ബഹുമുഖ പ്രതിഭയ്ക്ക് ജനകീയ അംഗീകാരത്തിൻ്റെ കൈയൊപ്പ് ചാർത്തി.
രണ്ടാം പിണറായി സർക്കാരിലെ വെറുമൊരു മന്ത്രിയായല്ല ബാലഗോപാൽ സത്യവാചകം ചൊല്ലുന്നത്. നാളെകളിൽ സംസ്ഥാന സിപിഎമ്മിലെ ഒന്നാമനാകുന്നതിനു മുന്നോടിയായുള്ള രാഷ്ട്രീയ പരീക്ഷയാണ് ഈ അമ്പത്തിയെട്ടുകാരന് മന്ത്രി പദമെന്ന ഉത്തരവാദിത്വം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam