ദീപക്കിന്‍റെ ആത്മഹത്യയില്‍ റിമാന്‍റില്‍ കഴിയുന്ന ഷിംജിത മുസ്തഫയെ കൂടുതല്‍ ചോദ്യം ചെയ്യണം, തെളിവെടുപ്പ് നടത്തണം, ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്.
കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക്കിന്‍റെ മരണത്തില്‍ ആത്മഹത്യാക്കുറ്റം ചുമത്തപ്പെട്ട് റിമാന്‍റില്‍ കഴിയുന്ന ഷിംജിതയുടെ കസ്റ്റഡി അപേക്ഷ കോടതി വ്യാഴാഴ്ച പരിഗണിക്കും. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. ഷിംജിതയുടെ ജാമ്യാപേക്ഷയും കോടതി അടുത്ത ദിവസം പരിഗണിക്കും. ദീപക്കിന്‍റെ ആത്മഹത്യയില്‍ റിമാന്‍റില്‍ കഴിയുന്ന ഷിംജിത മുസ്തഫയെ കൂടുതല്‍ ചോദ്യം ചെയ്യണം, തെളിവെടുപ്പ് നടത്തണം, ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്. അപേക്ഷ കുന്ദമംഗലം കോടതി വ്യാഴാഴ്ച പരിഗണിക്കും.
പ്രതിയെ കസ്റ്റഡിയിൽ കിട്ടിയാല്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ച സ്വകാര്യ ബസില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസിന്‍റെ തീരുമാനം. ഷിംജിത അപ്ലോഡ് ചെയ്ത ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിനായി മറ്റാരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. ഷിംജിതയുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് അയച്ചെങ്കിലും ഫലം കിട്ടിയിട്ടില്ല. അതേ സമയം ഷിംജിതയുടെ ജാമ്യാപേക്ഷ ബുധനാഴ്ച ജില്ലാ കോടതി പരിഗണിക്കുന്നുണ്ട്. ജാമ്യാപേക്ഷ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ഷിംജിത ജില്ലാ കോടതിയെ സമീപിച്ചത്.
സമൂഹവിചാരണ നടത്തണമെന്ന ദുരുദ്ദേശത്തോടെയാണ് ഷിംജിത വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതെന്നും ഇതില്‍ മനംനൊന്താണ് ദീപക് ജീവനൊടുക്കിയതെന്നുമായിരുന്നു മജിസ്ട്രേറ്റ് കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചത്. ഇത് അംഗീകരിച്ച കോടതി ജാമ്യാപേക്ഷ തള്ളുകയായിരന്നു. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ മരണത്തിൽ കുടുംബം നൽകിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.



