
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്‍റെ ആശമാരുടെ വേതന വർധനവിൽ വിമർശനവുമായി മുൻ ധനമന്ത്രിയും കൊട്ടാരക്കര എം എൽ എയുമായ കെ എൻ ബാലഗോപാൽ. ആശ സമരകാലത്ത് അന്ന് പ്രതിപക്ഷ നേതാവായിരുന്ന സതീശൻ നടത്തിയ പ്രഖ്യാപനം ഓർമ്മിപ്പിച്ചുകൊണ്ടാണ് ബാലഗോപാലിന്‍റെ വിമർശനം. തങ്ങൾ അധികാരത്തിൽ എത്തിയാൽ ആശമാരുടെ ആവശ്യങ്ങൾ ആദ്യത്തെ മന്ത്രിസഭാ യോഗത്തിൽ തന്നെ നടപ്പിലാക്കുമെന്ന് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ അധികാരത്തിൽ എത്തിയതോടെ സതീശൻ കൈക്കൊണ്ട നടപടി മല എലിയെ പ്രസവിച്ചത് പോലെ ആയിപ്പോയെന്ന് ബാലഗോപാൽ പരിഹസിച്ചു. 3000 രൂപയുടെ വർധനവ് മാത്രമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.
ആശാപ്രവർത്തകരുടെ ഓണറേറിയം 21,000 രൂപയായി വർദ്ധിപ്പിക്കണമെന്നും വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടാണ് ചില സംഘടനകളുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ മാസങ്ങളോളം സമരം നടന്നത്. തങ്ങൾ അധികാരത്തിൽ എത്തിയാൽ ആശമാരുടെ ആവശ്യങ്ങൾ ആദ്യത്തെ മന്ത്രിസഭാ യോഗത്തിൽ തന്നെ നടപ്പിലാക്കുമെന്ന് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ അധികാരത്തിൽ എത്തിയതോടെ അദ്ദേഹം കൈക്കൊണ്ട നടപടി മല എലിയെ പ്രസവിച്ചത് പോലെ ആയിപ്പോയി. 3000 രൂപയുടെ വർദ്ധനവാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ രണ്ടുതവണയായി 2000 രൂപയുടെ വർദ്ധനവ് ആശാപ്രവർത്തകരുടെ വേതനത്തിൽ ഇടതു സർക്കാർ തന്നെ വരുത്തിയിരുന്നു. രണ്ടാം പിണറായി സർക്കാർ മാത്രം 3000 രൂപയുടെ ആകെ വർദ്ധനവ് ആശാപ്രവർത്തകർക്ക് നൽകിയിട്ടുമുണ്ട്. അംഗൻവാടി, പ്രീ പ്രൈമറി, സ്കൂൾ പാചക തൊഴിലാളി, കരാർ ജീവനക്കാർ തുടങ്ങിയ എല്ലാ വിഭാഗങ്ങൾക്കും ഇതിനൊപ്പം ഇതേ നിരക്കിൽ ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചു നൽകി. ഒന്നാം പിണറായി സർക്കാർ ചുമതലയേൽക്കുമ്പോൾ 1000 രൂപയായിരുന്ന ആശാ പ്രവർത്തകരുടെ ഓണറേറിയം രണ്ടാം പിണറായി സർക്കാർ ചുമതല ഒഴിയുമ്പോൾ 9000 രൂപയായി വർദ്ധിപ്പിച്ചു. 8,000 രൂപയുടെ ആകെ വർദ്ധനവാണ് ഈ കാലയളവിൽ ആശാപ്രവർത്തകർക്ക് നൽകിയത്. വി എസ് അച്യുതാനന്ദൻ സർക്കാർ ചുമതല ഒഴിയുമ്പോൾ 500 രൂപയായിരുന്ന ആശ ഓണറേറിയം വർദ്ധിപ്പിക്കാൻ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നടന്ന സമരം ഇപ്പോഴും കേരളം മറന്നിട്ടില്ല. അഞ്ച് വർഷ ഭരണത്തിനൊടുവിൽ 500 രൂപയുടെ വർദ്ധനവ് മാത്രമാണ് ഉമ്മൻചാണ്ടി പ്രഖ്യാപിച്ചത്. ഇതാണ് യാഥാർത്ഥ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam