
തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടുവയസുകാരി ദേവേന്ദുവിൻ്റെ കൊലപാതകത്തിൻ്റെ കാരണത്തിൽ ദുരൂഹത തുടരുന്നു. പ്രതിയായ അമ്മാവൻ ഹരികുമാറും കുഞ്ഞിൻ്റെ അമ്മ ശ്രീതുവും തമ്മിലെ ബന്ധത്തെ കുറിച്ച് കൂടുതൽ അന്വേഷണത്തിലാണ് പൊലീസ്. കുഞ്ഞിനെ കൊന്നത് താൻ മാത്രമാണെന്ന ഹരികുമാറിൻ്റെ മൊഴി ഇപ്പോഴും പൊലീസ് വിശ്വസിച്ചിട്ടില്ല. ശ്രീതുവിനെതിരെ ഭർത്താവും ഭർതൃ പിതാവും മൊഴി നൽകി. മരണത്തിൽ ശ്രീതുവിൻ്റെ പങ്ക് പരിശോധിക്കണമെന്ന് ഭർത്താവും അച്ഛനും ആവശ്യപ്പെട്ടു. അതിനിടെ, ശ്രീതുവിൻ്റെ ഗുരുവായ മന്ത്രിവാദി ദേവിദാസൻ എന്ന പ്രദീപ് കുമാറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
കേരളത്തെ നടുക്കിയ ദേവേന്ദു കൊലപാതകത്തിൽ രണ്ടാം ദിവസവും അടിമുടി ദൂരൂഹതയാണ്. കുഞ്ഞിനെ കിണറ്റിലേക്കെറിഞ്ഞ് കൊന്നത് താനാണെന്ന് അമ്മാവൻ ഹരികുമാർ ഇന്നലെ സമ്മതിച്ചതാണ്. പക്ഷെ ക്രൂരമായ ആ കൊലയുടെ കാരണമെന്തെന്നതിൽ വ്യക്തയില്ല. ഹരികുമാറും സഹോദരി ശ്രീതുവും നിഗൂഢ സ്വഭാവമുള്ളവരാണെന്നാണ് പൊലീസ് വിലയിരുത്തൽ. അടുത്തടുത്ത മുറുകളിൽ നിന്ന് ഇരുവരും നിരന്തരം വാട്സ്ആപ്പ് ചാറ്റും വീഡിയോ കോളും ചെയ്യാറുണ്ടായിരുന്നു. ശ്രീതുവിനോട് ഹരികുമാർ വഴിവിട്ട് പെരുമാറാൻ ശ്രമിച്ചിരുന്നു. അടുപ്പത്തിന് കുഞ്ഞ് തടസ്സമാകുമെന്നതിനാൽ കൊലപ്പെടുത്തിയെന്നാണ് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ പൊലീസിന് ലഭിച്ച വിവരം. പക്ഷെ ഇനിയും പല സംശയങ്ങൾ ബാക്കിയാണ്. ആലപ്പുഴയിലെ ഒരു പൂജാരിയുടെ സഹായിയായിരുന്നു ഹരികുമാർ, ഈ പൂജാരിയെയും ചോദ്യം ചെയ്യും. നഷ്ടപ്പെട്ട കൂടുതൽ വാട്സ്ആപ്പ് ചാറ്റുകൾ വീണ്ടെടുക്കും.
രണ്ട് വയസ്സകാരിയുടെ കൊലയുടെ ഞെട്ടലിലാണ് അയൽവാസികൾ. കുട്ടിക്ക് അസുഖമാണെന്നും അപകടം പറ്റിയെന്നും നിരന്തരം ശ്രീതു കള്ളം പറയുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. ഇതിനിടെയാണ് ശ്രീതു ഗുരുവായി കരുതുന്ന കരിക്കകം സ്വദേശി ദേവീദാസനെ കസ്റ്റഡിയിലെടുത്തത്. പ്രദീപൻ എന്ന പേരിൽ മുമ്പ് പ്രദേശത്ത് മുട്ട കച്ചവടം നടത്തിയ ആൾ പിന്നീട് മന്ത്രവാദത്തിലേക്കും പൂജയിലേക്കും മാറുകയായിരുന്നു. കുടുംബത്തിന് അന്ധവിശ്വാസങ്ങൾ ഉണ്ടായിരുന്നുവെന്ന ഇന്നലെ മുതൽ വ്യക്തമാണ്. വീടുവാങ്ങാനെന്ന പോരിൽ 30 ലക്ഷം രൂപ പല ഘട്ടങ്ങളിലായി ദേവീദാസൻ തട്ടിയെടുത്തെന്നാണ് ശ്രീതുവിൻ്റെ മൊഴി. ഇയാളെ ചോദ്യം ചെയ്യുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam