വോട്ടുപെട്ടി ഉദ്യോഗസ്ഥർക്ക് തിരികെ നൽകാനാവില്ല, കാണാതായത് ഗുരുതര വിഷയം: ഹൈക്കോടതി

Published : Jan 17, 2023, 01:14 PM IST
വോട്ടുപെട്ടി ഉദ്യോഗസ്ഥർക്ക് തിരികെ നൽകാനാവില്ല, കാണാതായത് ഗുരുതര വിഷയം: ഹൈക്കോടതി

Synopsis

ബാലറ്റുകൾ കാണാതായത് കോടതിയുടെ മേൽനോട്ടത്തിലോ, തിരഞ്ഞെടുപ്പ് കമ്മീഷനോ അന്വേഷിക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു

കൊച്ചി: പെരിന്തൽമണ്ണയിലെ വോട്ടുപെട്ടി കാണാതായ സംഭവം അതീവ ഗുരുതരമെന്ന് കേരള ഹൈക്കോടതി. നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഇടത് സ്ഥാനാർത്ഥി കെപിഎം മുസ്തഫയുടെ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു ഹൈക്കോടതി. കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ ഹൈക്കോടതി കക്ഷി ചേർത്തു. ജനുവരി 30 ന് കേസ് വീണ്ടും പരിഗണിക്കും.

ബാലറ്റുകൾ കാണാതായത് കോടതിയുടെ മേൽനോട്ടത്തിലോ, തിരഞ്ഞെടുപ്പ് കമ്മീഷനോ അന്വേഷിക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു. ബാലറ്റുകൾ ഉദ്യോഗസ്ഥർക്ക് തിരികെ നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്ക. ബാലറ്റുകൾ ഹൈക്കോടതിയുടെ കസ്റ്റഡിയിൽ സൂക്ഷിക്കാനാണ് തീരുമാനം. 

പെരിന്തല്‍മണ്ണ സബ് ട്രഷറിയിലായിരുന്നു 348 സ്പെഷ്യല്‍ തപാല്‍ വോട്ടുകളടങ്ങിയ പെട്ടികള്‍ സൂക്ഷിച്ചത്. പെട്ടികളിലൊന്ന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മലപ്പുറം സഹകരണ ജോയിന്റ് രജസിസ്റ്റാന്‍ ഓഫീസിലേക്ക് മാറ്റി. സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ ഹൈക്കോടതിയുടെ സംരക്ഷണയിലേക്ക് മാറ്റാനായി ഇന്നലെ  ഉദ്യോഗസ്ഥരെത്തിയപ്പോള്‍ മാത്രമാണ് ഇക്കാര്യം റിട്ടേണിങ് ഓഫീസറുടെ അടക്കം ശ്രദ്ധയിൽ വന്നത്.

പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സാമഗ്രികളും പെരിന്തമണ്ണ ട്രഷറിയിലാണ് സൂക്ഷിച്ചത്. ഇത് മലപ്പുറം സഹകരണ രജിസ്ട്രാർ ഓഫീസിലേക്ക് മാറ്റിയപ്പോള്‍ നിയമസഭ മണ്ഡലത്തിലെ സ്പെഷ്യല്‍ തപാൽ വോട്ടുകളുടെ ഒരു പെട്ടിയും കൂട്ടത്തില്‍ ഉള്‍പ്പെട്ടുപോയെന്നാണ് ഉദ്യാഗസ്ഥരുടെ മറുപടി.

ഗുരുതരമായ വീഴ്ച ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായെന്നാണ് റിട്ടേണിങ് ഓഫീസറായ സബ് കലക്ടറുടെ റിപ്പോര്‍ട്ട്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം നശിപ്പിക്കാന്‍ വേണ്ടിയാണ് തദ്ദേശ തെര‍ഞ്ഞെടുപ്പ് സാമഗ്രികള്‍ പെരിന്തല്‍മണ്ണയില്‍ നിന്നും മലപ്പുറത്തേക്ക് മാറ്റിയത്. ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടു പോയ നിയമസഭ തെരഞ്ഞെടുപ്പിലെ നിര്‍ണ്ണായക തപാല്‍ വോട്ടുകളും ഭാവിയില്‍ നശിപ്പിക്കപ്പെട്ടു പോകാന്‍ സാധ്യത ഉണ്ടാകുമായിരുന്നു.

ട്രഷറി ഓഫീസര്‍, സഹകരണ ജോയിന്റ് രജസിസ്ട്രാർ, ഈ രണ്ട് ഓഫീസുകളിലെയും മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നൽകി. വീഴ്ച ഉദ്യോഗസ്ഥ തലത്തില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും അട്ടിമറി നടന്നെന്നും ആരോപിച്ച് യുഡിഎഫ്  തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വന്ന അലംഭാവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം