കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിൽ സഞ്ചാരികൾക്കായി ചങ്ങാടങ്ങൾ തയ്യാർ

By Web TeamFirst Published Aug 27, 2019, 10:06 PM IST
Highlights

കാട്ടു മുളയിൽ തീർത്ത ചങ്ങാടത്തിൽ ജലാശയത്തിലൂടെയുള്ള യാത്ര കഴിഞ്ഞ കാലങ്ങളിൽ ഇവിടെയെത്തിയ സന്ദർശകരുടെ മനം കവർന്നതാണ്

തിരുവനന്തപുരം: കാടിന്റെ ഭംഗി ആസ്വദിച്ച് മുളയിൽ നിർമ്മിച്ച ചങ്ങാടത്തിലൂടെ നെയ്യാറിൽ തുഴഞ്ഞു പോകാൻ എന്ത് രസമാണ്! എല്ലാ വർഷത്തെയും പോലെ ഈ ഓണത്തിനും കാപ്പുകാട് ആനപരിപാലന കേന്ദ്രത്തിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക്  ട്രക്കിംഗിനും, ആനകളെ അടുത്തറിയുന്നതിനുമൊപ്പം ജലാശയത്തിലൂടെയുള്ള യാത്ര ഏറെ ആസ്വാദ്യകരമാക്കാനുമാണ് ചങ്ങാടങ്ങൾ ഒരുക്കുന്നത്.

രണ്ടുപേർക്കു സഞ്ചരിക്കാവുന്ന പെടൽ ബോട്ടും, നാലു മുതൽ പത്തിലധികം പേരുമായി സഞ്ചരിക്കാവുന്ന യന്ത്ര ബോട്ടും ഒക്കെ ഇവിടെയുണ്ട്. എങ്കിലും കാട്ടു മുളയിൽ തീർത്ത ചങ്ങാടത്തിലെ യാത്രയാണ് ഏറെ അസ്വാദ്യകരമെന്ന് കഴിഞ്ഞ കാലങ്ങളിൽ ഇവിടെയെത്തിയ സന്ദർശകർ അഭിപ്രായപ്പെട്ടിരുന്നു. ഒരാൾക്ക് നൂറു  രൂപ നിരക്കിൽ അരമണിക്കൂർ നേരം ജലാശയത്തിലൂടെ ഒഴുകി കാടിന്റെ വശ്യ മനോഹാരിത ആസ്വദിക്കാൻ കഴിയും. 

തുഴക്കാരൻ ഉൾപ്പടെ കുട്ടികൾക്കും, മുതിർന്നവർക്കുമായി പതിമൂന്നോളം പേർക്ക് ഒരേ സമയം ചങ്ങാടയാത്ര നടത്താം. ഇരുപതു ദിവസത്തോളം എടുത്താണ് നാലോളം പേർ  കാട്ടുമുളകൾ ശേഖരിച്ചു കൃത്യമായ അളവിലും ആകൃതിയിലും ചെത്തി മിനുക്കി ചങ്ങാടം നിർമ്മിക്കുന്നത്. പത്തടിയോളം നീളമുള്ള  42 മുളകൾ രണ്ടു തട്ടായി കയർ കൊണ്ട് വരിഞ്ഞു മുറുക്കിയാണ് അടിസ്ഥാനം ബലപ്പെടുത്തിയിട്ടുള്ളത് . ഇതിനു മുകളിൽ ഇരുവശവും യാത്രക്കാർക്ക് ഇരിക്കുവാനായുള്ള ഇരിപ്പിടങ്ങളും  ഒരു വശത്തു  തുഴക്കാരനുള്ള ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്. തുഴയും മുഴുവനായും  മുളകളിലാണ് തീർത്തിരിക്കുന്നത്. രണ്ടു ചങ്ങാടങ്ങൾ 80 ശതമാനത്തോളം  നിർമ്മാണ ജോലികൾ പൂർത്തീകരിച്ചിരിച്ചു. മറ്റു ബോട്ടുകളെ അപേക്ഷിച്ചു പ്രായം ചെന്നവർക്കും കുട്ടികൾക്കും ഏറെ സൗകര്യമാണ് ചങ്ങാടത്തിൽ യാത്ര. കരയിൽ നിന്നും അധികം ആയാസമില്ലാതെ ഇവർക്ക് കയറാനാകും എന്നതാണ് എടുത്തുപറയേണ്ട സൗകര്യം.   
 

click me!