
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുത്ത വസ്ത്രമണിഞ്ഞവരെ തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് കോണ്ഗ്രസിൻ്റെ യുവ എംഎൽഎമാർ ഇന്ന് സഭയിലെത്തിയത് കറുത്ത ഷർട്ട് ധരിച്ചാണ്. ഷാഫി പറമ്പിൽ അടക്കമുള്ള കോണ്ഗ്രസ് നേതാക്കളാണ് കറുപ്പണിഞ്ഞ് സഭയിലെത്തിയത്. എറണാകുളത്തു യൂത്ത് കോൺഗ്രസ് മാർച്ചിനെതിരായ പോലീസ് നടപടിയിൽ അടിയന്തിര പ്രമേയത്തിന് അനുമതി തേടി ഷാഫി ഇന്ന് നോട്ടീസ് നൽകിയിട്ടുണ്ട്. പ്ലക്കാർഡുകളും ബാനറുകളുമായിട്ടാണ് കോണ്ഗ്രസ് എംഎൽഎമാർ ഇന്ന് സഭയിൽ എത്തിയത്. എന്നാൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനാലും സഭാ ടിവി പ്രതിഷേധം സംപ്രേക്ഷണം ചെയ്യാതിരുന്നതിനാലും ഇതൊന്നും പൊതുജനങ്ങൾക്ക് കാണാനാവില്ല. പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടും നിയമസഭയിൽ മാധ്യമക്യാമറകൾക്ക് ഇന്നും വിലക്ക് തുടർന്നു. പ്രതിപക്ഷ പ്രതിഷേധം സഭ ടിവി കാണിച്ചതുമില്ല. ചോദ്യോത്തരവേളയിലടക്കം ഇന്ന് പ്രതിപക്ഷം പ്ലക്കാഡുയർത്തി പ്രതിഷേധിച്ചിരുന്നു.
പ്രതിപക്ഷത്തിൻ്റെ പ്രതിഷേധങ്ങൾ സംപ്രേക്ഷണം ചെയ്യാത്ത സഭാ ടിവിയുടെ നടപടിക്കെതിരെ നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ തന്നെ രംഗത്ത് എത്തിയിരുന്നു. സഭാ ടിവി ഭരണകക്ഷിക്ക് വേണ്ടി മാത്രമുള്ള ചാനലായി മാറിയെന്ന് സതീശൻ കുറ്റപ്പെടുത്തിയിരുന്നു. സഭാ ടിവി ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കിൽ അവരുമായി സഹകരിക്കണമോയെന്നതിൽ പ്രതിപക്ഷത്തിന് പുനരാലോചന നടത്തേണ്ടി വരുമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം ഇഡി ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ച മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ ഇന്ന് നിയമസഭയിലെത്തി. നിയമസഭ ആരംഭിക്കുന്ന ദിവസമായതിനാൽ ഇന്ന് ചോദ്യം ചെയ്യല്ലിന് ഹാജരാകാൻ സാധിക്കില്ലെന്ന് സിഎം രവീന്ദ്രൻ ഇഡിയെ അറിയിച്ചിരുന്നു. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ സിഎം രവീന്ദ്രൻ്റെ പ്രതികരണം മാധ്യമങ്ങൾ തേടിയെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam