സിബിൽ സ്കോർ മറയാക്കി കോടികളുടെ ബാങ്ക് തട്ടിപ്പ്; ബാങ്ക് ഉദ്യോ​ഗസ്ഥരും സംഘത്തിൽ, കോടികളുടെ വായ്പാ കുരുക്കിൽ നിരവധി പേർ

Published : Jul 12, 2026, 08:22 AM ISTUpdated : Jul 12, 2026, 08:30 AM IST
cibil score scam

Synopsis

കൊച്ചി കേന്ദ്രീകരിച്ച് ഏജന്റുമാരും ബാങ്ക് ജീവനക്കാരും ചേർന്ന് 700 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയതായി കണ്ടെത്തൽ. സിബിൽ സ്കോർ കുറവുള്ളവരുടെ ആധാരം കൈക്കലാക്കി, ഉടമകളറിയാതെ കോടികളുടെ ബിസിനസ് വായ്പയെടുക്കുന്നതാണ് തട്ടിപ്പുരീതി. ഇതോടെ നിരവധി പേരുടെ കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ ജപ്തി ഭീഷണിയിലായിരിക്കുകയാണ്.

കൊച്ചി: കൊച്ചി കേന്ദ്രീകരിച്ച് കോടികളുടെ ബാങ്ക് വായ്പ തട്ടിപ്പ്. കേരളം കണ്ട ഏറ്റവും വലിയ വായ്പാ കൊള്ളകളിൽ ഒന്നാണ് ഏജന്‍റുമാരും ബാങ്ക് ജീവനക്കാരും ഉള്‍പ്പെട്ട മാഫിയ സംഘം നടത്തിയത്. സിബിൽ സ്കോർ കുറവുള്ളവരുടെ ആധാരം കൈക്കലാക്കി ഉടമയറിയാതെ കോടികളുടെ വായ്പ നൽകുന്നതാണ് തട്ടിപ്പ് രീതി. ഇതോടെ നിരവധി പേരുടെ എല്ലാ സമ്പാദ്യവും ജപ്തി ഭീഷണിയിലായി. വിവിധ ബാങ്കുകളിലായി 700 കോടിയുടെ ക്രമക്കേട് ആണ് കണ്ടെത്തിയിരിക്കുന്നത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തിലൂടെ പുറത്ത് വിടുന്നത്.

സിബിൽ സ്കോർ പ്രശ്നം മൂലം വായ്പ കിട്ടാത്തവരുടെ പ്രമാണങ്ങൾ കൈക്കലാക്കുകയും പിന്നീട് ഇവയുപയോഗിച്ച് കോടികളുടെ ബിസിനസ് വായ്പ എടുത്തുമായിരുന്നു തട്ടിപ്പ്. പ്രാഥമിക കണക്കുകള്‍ പ്രകാരം വിവിധ ബാങ്കുകളിലായി 700 കോടിയോളം രൂപയുടെ ക്രമക്കേട് നടന്നതായി ബാങ്ക് ജീവനക്കാര്‍ തന്നെ വെളിപ്പെടുത്തുന്നു. ഒന്നും രണ്ടും കോടി രൂപയുടെ സ്വത്തല്ല, 50 കോടിയിലേറെ രൂപ വിലവരുന്ന പാരമ്പര്യ സ്വത്തുക്കളും ഷോപ്പിംഗ് കോംപ്ലക്സ് ഉൾപ്പെടെയുള്ള വസ്തുവകകളും ജപ്തി ചെയ്യാനായി ബാങ്കിൽ നിന്ന് എപ്പോൾ ആൾ വരുമെന്ന ഭീതിയിലാണ് എറണാകുളം പാലാരിവട്ടം സ്വദേശിയായ ഈ 58 കാരൻ. താൻ എടുക്കുകയോ അനുഭവിക്കുകയോ ചെയ്യാത്ത പണത്തിന്റെ ബാധ്യതയാണ് കൊച്ചി കേന്ദ്രമായുള്ള വായ്പ തട്ടിപ്പ് സംഘം ഈ സാധു മനുഷ്യന്റെ തലയിൽ അടിച്ചേൽപ്പിച്ചത്. മകളുടെ വിവാഹം അടുത്തിരിക്കുന്നതിനാൽ താൻ നേരിട്ട കൊടും ചതിയെക്കുറിച്ച് മറ്റുള്ളവർ അറിയുന്നതിൽ വലിയ വേദനയുണ്ട്. അക്കാരണത്താൽ തന്നെ മുഖമോ പേരോ വെളിപ്പെടുത്താതെ തനിക്കുണ്ടായ അനുഭവം അദ്ദേഹം ഇങ്ങനെ വിവരിക്കുകയാണ്.

ബിസിനസ് തകർച്ച നേരിടുകയും ബാങ്ക് വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വരികയും ചെയ്ത ഘട്ടം. തൃശ്ശൂർ ജില്ലയിലുള്ള പാരമ്പര്യ സ്വത്തിന്‍റെ വില്പനയും നടക്കുന്നില്ല, ഈ പ്രതിസന്ധിഘട്ടമാണ് കൊച്ചി കേന്ദ്രമായുള്ള വായ്പ തട്ടിപ്പ് ശൃംഖല മുതലെടുത്തത്. ബാങ്ക് ബാധ്യത തീർക്കാനായി ഒരുകോടി 70 ലക്ഷം രൂപ ഇവർ നൽകി. ബാങ്ക് പലിശ മാത്രം നൽകിയാൽ മതി എന്നായിരുന്നു വ്യവസ്ഥ. പിന്നാലെ, ഈടായി പാലാരിവട്ടത്തെ വീട് ഉൾപ്പെടുന്ന ആർഎസ്എസിന്റെ സ്ഥലത്തിന്‍റെയും തൃശ്ശൂർ ജില്ലയിലുള്ള ഒരേക്കർ 13 സെൻറ് സ്ഥലത്തിൻറെയും പ്രമാണം വാങ്ങിയെടുത്തു. ഏറെ വൈകാതെ, തൃശ്ശൂരിൽ തന്നെയുള്ള ഒരേക്കർ 18 സെൻറിൽ നിൽക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന്റെ പ്രമാണവും ഇവർ കൈകലാക്കി. പറഞ്ഞ രീതിയിൽ പലിശ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നപ്പോൾ കനറ ബാങ്കിൽനിന്ന് ഒരു വായ്പ എടുക്കാൻ ഉണ്ടെന്നും സാക്ഷിയായി ഒപ്പിടണമെന്നും ഈ സംഘം ആവശ്യപ്പെട്ടു. എന്നാൽ, ഇങ്ങനെയിട്ട ഒപ്പുവഴി തന്‍റെ കോടികൾ വിലമതിക്കുന്ന സ്വത്തുക്കളാണ് കൈവിട്ടു പോകുന്നതെന്ന് ഇദ്ദേഹം അറിഞ്ഞിരുന്നില്ല. ബാങ്കിൽ നിന്ന് ഒരു രൂപ പോലും താൻ വായ്പയായി എടുത്തിട്ടില്ലെങ്കിലും കൊച്ചിയിലെ കനറാ ബാങ്കിലും എച്ച്ഡിഎഫ്സി ബാങ്കിനുമായി ഇദ്ദേഹത്തിന് നിലവിലുള്ള ബാധ്യത 49 കോടി രൂപയാണ്. ബാങ്ക് ഉദ്യോഗസ്ഥർ ഉൾപ്പെടെ കൂട്ടുനിന്നാണ് ഈ കൊടും ചതി നടത്തിയതെന്ന് ഇദ്ദേഹം ആരോപിക്കുന്നു.

ബാങ്ക് വായ്പ അനുവദിക്കുന്നതിനുളള മുഖ്യ മാനദണ്ഡമായ സിബിൽ സ്കോര്‍ മോശമായതിനാല്‍ പുതിയൊരു വായ്പയ്ക്ക് പ്രതിസന്ധി നേരിട്ട ഘട്ടത്തിലായിരുന്നു എല്‍ദോ പോളിനെ എറണാകുളം ആസ്ഥാനമായ തട്ടിപ്പ് സംഘത്തിലെ പ്രധാനി സമീപിച്ചത്. ഒരു കോടി രൂപയുടെ വായ്പ പ്രമുഖ ബാങ്കില്‍ നിന്ന് ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് വീട് ഉൾപ്പെടുന്ന രണ്ട് ഏക്കർ 15 സെൻറ് സ്ഥലത്തിന്‍റെ രേഖകൾ ഇയാള്‍ വാങ്ങിയത്. നികുതിച്ചീട്ട് ഉള്‍പ്പെടെ ഒരു പൊതുമേഖല ബാങ്കില്‍ നിന്ന് വായ്പ അനുവദിക്കാന്‍ ആവശ്യമായ മറ്റു രേഖകളും ഇയാള്‍ വാങ്ങി. ലോണ്‍ പാസാകാന്‍ രണ്ട് മാസം വരെ സമയം എടുക്കുമെന്നും അതുവരേക്കുളള ആവശ്യത്തിനെന്ന പേരില്‍ ഇയാള്‍ 30 ലക്ഷം രൂപ സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കുകയും ചെയ്തു. എന്നാല്‍ തന്‍റെ കിടപ്പാടം പണയപ്പെടുത്തി കോടികളുടെ കോര്‍പറേറ്റ് വായ്പ്പ തട്ടിയെടുക്കാനുളള നീക്കമാണിതെന്ന് എല്‍ദോ അറിഞ്ഞിരുന്നില്ല. വായ്പ വൈകിയതോടെ വാങ്ങിയ പണം പൂര്‍ണമായും പണം വാങ്ങിയ ഏജന്‍റിന് തിരികെ നല്‍കി പ്രമാണം തിരികെ ആവശ്യപ്പെട്ടു. പല ന്യായങ്ങള്‍ പറഞ്ഞ് പണം വാങ്ങിയ ആള്‍ ഒളിച്ചു കളിച്ചു. ഒടുവില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ കാക്കനാട് ശാഖയില്‍ നിന്ന് എല്‍ദോയ്ക്ക് കിട്ടിയത് 30 കോടി രൂപയുടെ ജപ്തി നോട്ടീസ് ആണ്.

കനറാ ബാങ്ക്, എച്ച്ഡിഎഫ്സി, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സിറ്റി യൂണിയൻ ബാങ്ക് ചോളമണ്ഡലം ഫിനാൻസ്, കൊട്ടക് മഹീന്ദ്ര തുടങ്ങി പൊതുമേഖല ബാങ്കുകളും സ്വകാര്യമേഖല ഭാഗങ്ങളും ഉൾപ്പെടെ നിരവധി ബാങ്കുകളെ മറയാക്കിയാണ് ഈ വായ്പ തട്ടിപ്പ് അരങ്ങേറിയത്. ഇതിനോടകം പത്തിലേറെ എഫ്ഐആറുകൾ ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏതാനും ചില കേസുകളിൽ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുമുണ്ട്. എന്നാൽ ഇതുവരെയും ഈ തട്ടിപ്പിന്റെ വ്യാപ്തിയിലേക്ക് ഒരു അന്വേഷണം ഏജൻസിയും കടന്നുചെന്നിട്ടില്ലെന്ന് പൊലീസിൽ പരാതി നൽകിയ ബാങ്ക് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പോയത് ഏഴാം തീയതി, ഫോണ്‍ ചെയ്ത് വിവരങ്ങൾ പറഞ്ഞു, പിന്നീട് അറിഞ്ഞത് അപകട വിവരം'; വിയറ്റ്നാം ബോട്ട് അപകടത്തിൽ മരിച്ച മലയാളികളുടെ കുടുംബം
ഔദ്യോഗിക സ്ഥിരീകരണത്തിനായ് കാത്ത് കുടുംബം, വിയറ്റ്നാം ബോട്ട് അപകടത്തിൽ മരിച്ച ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിക്കും, നടപടകൾ തുടങ്ങി