
വയനാട്: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസിൽ വിജിലൻസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. തലശ്ശേരി കോടതിയിലാണ് വയനാട് വിജിലൻസ് ഡിവൈഎസ്പി സിബി തോമസ് കുറ്റപത്രം സമർപ്പിക്കുക. വായ്പ തട്ടിപ്പിൽ 2019ലാണ് വിജിലൻസ് അന്വേഷണം തുടങ്ങിയത്. നാല് വർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാതിരുന്നത് പ്രതികളെ സംരക്ഷിക്കാൻ ആണെന്ന് ആരോപണം ഉയർന്നിരുന്നു.
വായ്പ തട്ടിപ്പിനിരയായ രാജേന്ദ്രൻ്റെ ആത്മഹത്യയെ തുടർന്നുണ്ടായ പ്രതിഷേധമാണ് വിജിലൻസ് നടപടികൾ വേഗത്തിലാക്കിയത്. കെപിസിസി ജനറൽ സെക്രട്ടറിയും മുൻ ബാങ്ക് ഭരണ സമിതി പ്രസിഡൻ്റുമായ കെ കെ എബ്രഹാം ഉൾപ്പെടെ 10 പേരാണ് പ്രതി പട്ടികയിൽ ഉള്ളത്. കെ കെ എബ്രഹാം, മുൻ ബാങ്ക് സെക്രട്ടറി രമാദേവി എന്നിവർ പുൽപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിൽ ആണ്. ഒളിവിൽ കഴിയുന്ന വായ്പാ തട്ടിപ്പിൻ്റെ മുഖ്യ സൂത്രധാരൻ സജീവൻ കൊല്ലപ്പള്ളിയെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
ഇയാൾ കർണാടകയിലേക്ക് കടന്നതായാണ് വിവരം. കർഷകൻ്റെ ആത്മഹത്യയിൽ റിമാൻഡിലായതോടെ കെ കെ എബ്രാഹാമിനെതിരെ കെപിസിസി നടപടി സ്വീകരിച്ചേക്കും. രാജേന്ദ്രന്റെ ആത്മഹത്യയ്ക്ക് കാരണം പുൽപ്പള്ളി ബാങ്കിലെ വായ്പ തട്ടിപ്പാണെന്നും വിജിലൻസ് അന്വേഷണത്തിൽ കെ.കെ എബ്രഹാം കുറ്റക്കാരനാണെന്ന് കണ്ടെത്തിയെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.
അന്വേഷണവുമായി സഹകരിക്കാമെന്നും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം വാദിച്ചു. ഇത് തളളിയാണ് കെ.കെ എബ്രഹാമിനെ ബത്തേരി മുൻസിഫ് മജിസ്ട്രേറ്റ് കോടതി ഈ മാസം 15 വരെ റിമാൻഡ് ചെയ്തത്. വയനാട്ടിലെ മുതിർന്ന കോൺഗ്രസ് നേതാവ് കർഷക ആത്മഹത്യയിൽ റിമാന്റിലായത് പാർട്ടിക്ക് നാണകേട് ഉണ്ടാക്കിയെന്നും കെ കെ എബ്രഹാമിനെ പദവികളിൽ നിന്ന് നീക്കണമെന്നും ഡിസിസിയിൽ ആവശ്യം ഉയരുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam