'ഉത്തരവാദി ഞാൻ മാത്രമല്ല,ഭരണസമിതിക്കും പങ്ക്'; പേരാവൂരിലെ ചിട്ടി തട്ടിപ്പിൽ വിശദീകരണവുമായി സൊസൈറ്റി സെക്രട്ടറി

By Web TeamFirst Published Oct 7, 2021, 6:04 PM IST
Highlights

 ശമ്പള വിതരണമടക്കം ചിലവുകൾ കാരണം സമയത്ത് ചിട്ടിപണം തിരികെ നൽകാനായില്ല. എല്ലാ പ്രശ്നങ്ങൾക്കും ഭരണ സമിതിയും ജീവനക്കാരും കൂട്ടുത്തരവാദികളാണെന്നും ഹരിദാസ് പറഞ്ഞു.
 

കണ്ണൂർ: പേരാവൂരിലെ (peravoor) ഒന്നേമുക്കാൽ കോടിയുടെ ചിട്ടി തട്ടിപ്പിൽ (Chitty Fraud)  വിശദീകരണക്കുറിപ്പുമായി ആരോപണ വിധേയനായ സൊസൈറ്റി സെക്രട്ടറി പിവി ഹരിദാസ് (P V Haridas) രം​ഗത്ത്. സിപിഎം (CPM)നിയന്ത്രണത്തിലുള്ള ഭരണ സമിതിയുടെ തീരുമാനങ്ങൾ നടപ്പാക്കുക മാത്രമാണ് ചെയ്തത്. ശമ്പള വിതരണമടക്കം ചിലവുകൾ കാരണം സമയത്ത് ചിട്ടിപണം തിരികെ നൽകാനായില്ല. എല്ലാ പ്രശ്നങ്ങൾക്കും ഭരണ സമിതിയും ജീവനക്കാരും കൂട്ടുത്തരവാദികളാണെന്നും ഹരിദാസ് പറഞ്ഞു.

ഭരണ സമിതിയും ജീവനക്കാരും കൂടി ഉത്തരവാദികളായതിനാൽ തന്റെ വീടും സ്ഥലവും വിറ്റ് പണം തിരികെ നൽകാനാകില്ല. താൻ ഒളിവിൽ പോയിട്ടില്ല. കടുത്ത മാനസീക സമ്മ‍ർദ്ദം കാരണം ലീവെടുത്തതാണ്.  തന്റെ വീട്ടിന് മുന്നിൽ മാത്രം സമരം ചെയ്യുന്നത് നീതിരാഹിത്യമാണെന്നും ഹരിദാസ് പറഞ്ഞു. 

Read Also: സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സൊസൈറ്റിയിൽ നടന്നത് ഒന്നരക്കോടിയിലേറെ രൂപയുടെ തട്ടിപ്പ്

സഹകരണ സൊസൈറ്റിയിൽ ഒന്നരക്കോടിയിലേറെ രൂപയുടെ ചിട്ടി തട്ടിപ്പ് ചർച്ചയായതോടെ സെക്രട്ടറിയായ ഹരിദാസിനെ സസ്പെൻറ് ചെയ്തിരുന്നു.  പേരാവൂർ ഹൗസ് ബിൽഡിംഗ് സൊസൈറ്റിയിൽ സഹകരണവകുപ്പ് പരിശോധന നടത്തി തട്ടിപ്പ് സ്ഥിരീകരിക്കുകയായിരുന്നു.  പണം നഷ്ടപ്പെട്ടവർ ബാങ്ക് സെക്രട്ടറിയുടെ വീടിന് മുന്നിൽ ധർണ്ണ നടത്തിയിരുന്നു. 

സിപിഎം നിയന്ത്രണത്തിലുള്ള  പേരാവൂർ കോ ഓപറേറ്റീവ് ഹൗസ് ബിൽഡിംഗ് സൊസൈറ്റി 2017 ൽ തുടങ്ങിയ ചിട്ടിയിൽ ഒരു കോടി എൺപത്തി അ‌ഞ്ച് ലക്ഷത്തിന്റെ തട്ടിപ്പ് നടന്നു എന്നാണ് നിക്ഷേപകർ പരാതിപ്പെട്ടത്. തട്ടിപ്പ് ചർച്ചയായതോടെ ബാങ്ക് സെക്രട്ടറി ഹരിദാസിസ് ഒളിവിൽ പോയെന്ന് ആക്ഷേപം ഉയർന്നു. തുടർന്നാണ് ഹരിദാസിനെ ഭരണസമിതി സസ്പെൻ‌റ് ചെയ്തത്. സെക്രട്ടറിയുടെയും മുൻ പ്രസിഡൻ്റ് പ്രിയൻ്റെയും സ്വത്ത് കണ്ടു കെട്ടി പണം തിരികെ നൽകണമെന്നാണ് സഹകരണ വകുപ്പ് വ്യക്തമാക്കിയത്.

Read Also: ചിട്ടി തട്ടിപ്പിന് പിന്നാലെ വായ്പ തട്ടിപ്പും, സിപിഎം നിയന്ത്രണത്തിലുള്ള പേരാവൂരിലെ സൊസൈറ്റിക്കെതിരെ പരാതി

click me!