
തിരുവനന്തപുരം: അടുത്ത നാല് ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും എന്നതിനാൽ ഇടപാടുകൾ നടത്താനുള്ളവർ ഇന്നു തന്നെ നടത്തുക. നാലാം ശനിയും ഞായറും റിപ്പബ്ലിക് ദിനവും ബാങ്കുകൾക്ക് അവധിയാണ്. പിന്നാലെ ജനുവരി 27ന് ബാങ്ക് ജീവനക്കാർ അഖിലേന്ത്യാ പണിമുടക്ക് നടത്തുകയാണ്. അതിനാൽ തുടർച്ചയായി നാല് ദിവസം ബാങ്ക് ഇടപാടുകൾ നടത്താനാവില്ല. എടിഎമ്മുകൾ പ്രവർത്തിക്കുമെങ്കിലും പണിമുടക്ക് ദിവസം പണം നിറയ്ക്കുന്ന ജോലികളിൽ തടസ്സം നേരിട്ടേക്കാം. അതിനാൽ അത്യാവശ്യമുള്ള പണം ഇന്ന് തന്നെ എടുത്തുവയ്ക്കുന്നതാണ് നല്ലത്.
ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന അറിയിച്ചു. ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്നാണ് ആവശ്യം. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്‍റെ (യു എഫ് ബി യു) നേതൃത്വത്തിലാണ് ബാങ്ക് ജീവനക്കാർ പണിമുടക്കുക. നിലവിൽ ഞായറാഴ്ചകൾ കൂടാതെ ഓരോ മാസത്തെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലാണ് ബാങ്ക് ജീവനക്കാർക്ക് അവധിയുള്ളത്. ബാക്കിയുള്ള ശനിയാഴ്ചകൾ കൂടി അവധിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ശനിയാഴ്ചകൾ അവധിയായി പ്രഖ്യാപിക്കുന്ന കാര്യത്തിൽ കഴിഞ്ഞ വർഷം മാർച്ചിലെ ശമ്പള പരിഷ്കരണ കരാറിനിടെ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനും തമ്മിൽ ധാരണയിലെത്തിയിരുന്നു. എന്നാൽ ഇത് നടപ്പായില്ലെന്നാണ് പരാതി.
തിങ്കൾ മുതൽ വെള്ളി വരെ പ്രതിദിനം 40 മിനിറ്റ് അധികം ജോലി ചെയ്യാൻ ജീവനക്കാർ സമ്മതിച്ചിട്ടുള്ളതിനാൽ, പ്രവൃത്തി സമയത്തിൽ കുറവുണ്ടാകില്ലെന്ന് സംഘടന അറിയിച്ചു. ആർ.ബി.ഐ, എൽഐസി, ജിഐസി തുടങ്ങിയ സ്ഥാപനങ്ങളും നിലവിൽ ആഴ്ചയിൽ 5 ദിവസം മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന ചൂണ്ടിക്കാട്ടുന്നു. വിദേശ വിനിമയ വിപണി, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ എന്നിവ ശനിയാഴ്ചകളിൽ പ്രവർത്തിക്കാത്ത സാഹചര്യത്തിൽ ബാങ്കുകൾ അഞ്ച് ദിവസമാക്കുന്നത് ഒരു തരത്തിലും ഉപഭോക്താക്കളെ ബാധിക്കില്ലെന്നും യുഎഫ്ബിയു അവകാശപ്പെടുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam