പക്ഷിപ്പനി; കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളില്‍ പക്ഷികളെ വില്‍ക്കുന്നതിനും കൊണ്ടുപോകുന്നതിനും വിലക്ക്

By Web TeamFirst Published Mar 13, 2020, 9:48 AM IST
Highlights

രോഗം കണ്ടെത്തിയ സ്ഥലത്തിന്‍റെ പുറത്ത് പത്ത് കിലോമീറ്റര്‍ പരിധിയിലുള്ള പ്രദേശത്ത് കോഴിക്കടകള്‍ അടക്കം തുറക്കാന്‍ ഇന്ന് മുതല്‍ അനുമതിയുണ്ട്. എന്നാല്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ പരിശോധയ്ക്ക് ശേഷമേ കടകള്‍ തുറക്കാന്‍ അനുവദിക്കൂ.

മലപ്പുറം: പക്ഷിപ്പനി കണ്ടെത്തിയ കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളില്‍ ഒരു കിലോമീറ്റര്‍ പരിധിയില്‍ പക്ഷികളെ വില്‍ക്കുന്നതിനും കൊണ്ട് പോകുന്നതിനും മൂന്ന് മാസത്തേക്ക് വിലക്ക്. ഇതിന് പുറത്തുള്ള പത്ത് കിലോമീറ്റര്‍ പ്രദേശത്തെ കോഴിക്കടകള്‍ അടക്കമുള്ളവ ഇന്ന് മുതല്‍ തുറക്കും. എന്നാല്‍, ഇവിടേക്ക് പുറത്ത് നിന്ന് പക്ഷികളെ കൊണ്ട് വരാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശവുമുണ്ട്.

പക്ഷിപ്പനി കണ്ടെത്തിയ കൊടിയത്തൂര്‍, വേങ്ങരി എന്നിവിടങ്ങളിലെ ഒരു കിലോമീറ്റര്‍ പരിധിയില്‍ വളര്‍ത്തുപക്ഷികളെ മൃഗസംരക്ഷണ വകുപ്പ് കൊന്ന് കത്തിച്ചു കളഞ്ഞിരുന്നു. പ്രതിരോധ പ്രവര്‍ത്തനം എന്ന നിലയ്ക്കാണ് ഇപ്പോള്‍ ഈ പ്രദേശത്ത് പക്ഷികളെ വില്‍ക്കുന്നതിനും കൊണ്ട് പോകുന്നതിനും മൂന്ന് മാസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രോഗം കണ്ടെത്തിയ സ്ഥലത്തിന്‍റെ പുറത്ത് പത്ത് കിലോമീറ്റര്‍ പരിധിയിലുള്ള പ്രദേശത്ത് കോഴിക്കടകള്‍ അടക്കം തുറക്കാന്‍ ഇന്ന് മുതല്‍ അനുമതിയുണ്ട്. എന്നാല്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ പരിശോധയ്ക്ക് ശേഷമേ കടകള്‍ തുറക്കാന്‍ അനുവദിക്കൂ.

പ്രദേശത്തിന് പുറത്ത് നിന്ന് പക്ഷികളെ കൊണ്ട് വരാനോ പുറത്തേക്ക് കൊണ്ട് പോകാനോ അനുവദിക്കില്ല. ഫ്രോസണ്‍ ഇറച്ചികള്‍, മുട്ടകള്‍ എന്നിവ പുറത്ത് നിന്ന് കൊണ്ട് വരാന്‍ അനുവദിക്കും. കോഴിക്കോട് ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

മൂന്ന് മാസം തുടര്‍ച്ചയായി പരിശോധിച്ച് രോഗമില്ലെന്ന് കണ്ടെത്തിയാല്‍ മാത്രമേ നിയന്ത്രണം അവസാനിപ്പിക്കൂ. നിയന്ത്രണം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മൃഗസംരക്ഷണ വകുപ്പിന്‍റേയും ആരോഗ്യ വകുപ്പിന്‍റേയും പരിശോധനകള്‍ക്ക് പുറമേ പൊലീസ് പരിശോധനകളുമുണ്ടാകും.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!