
കൊല്ലം : ശബരിമലയുമായി ബന്ധപ്പെട്ട് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ നടത്തിയ പരാമർശത്തിൽ പ്രതിഷേധം ശക്തം. എൻ എസ് എസ് നേതൃത്വത്തിനെതിരെ കൊല്ലം ശാസ്താംകോട്ട വേങ്ങയിലും ബാനർ ഉയർന്നു. സമുദായത്തെ ഒറ്റികൊടുക്കാൻ ശ്രമിച്ച നേതൃത്വം സമുദായത്തിന് നാണക്കേടെന്നാണ് ബാനറിലെ വാചകം. എൻഎസ്എസ് കരയോഗം ഓഫീസിന് മുന്നിലാണ് ബാനർ കെട്ടിയത്. വേങ്ങയിലെ എൻ എസ് എസ് അനുഭാവികളെന്നാണ് ബാനറിലെ പരാമർശം.
അതേ സമയം, സംഘടനയുടെ പേരിൽ ഉയരുന്ന പ്രതിഷേധങ്ങളെ തള്ളി എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രംഗത്തെത്തി. സംഘടനയ്ക്ക് പ്രധിഷേധിക്കുന്നവരെ നേരിടാനറിയാമെന്നും എൻഎസ്എസ് തുടരുന്ന സമദൂര നിലപാടിൽ മാറ്റമില്ലെന്നും ജി സുകുമാരൻ നായർ പറഞ്ഞു.
ശബരിമല വിശ്വാസപ്രശ്നത്തിൽ ഇടത് സർക്കാറിനെ വിശ്വാസമാണെന്ന ജി സുകുമാരൻനായരുടെ നിലപാടാണ് വലിയ ചർച്ചയാണ്. സംഘടനയുടെ പേരിൽ പലസ്ഥലത്തും ജനറൽ സെക്രട്ടറിക്കെതിരെ പോസ്റ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. സമുദായത്തെ ഒറ്റിയ കട്ടപ്പയെന്ന പോസ്റ്ററുൾ ഉയരുമ്പോഴും പെരുന്നയിൽ ചേർന്ന പ്രതിനിധി സഭ സുകുമാരൻ നായരെ പിന്തുണച്ചു. വിശ്വാസ പ്രശ്നത്തിലെ ഇടത് ചായ് വ് യോഗത്തിലും സുകുമാരൻ നായർ ആവർത്തിച്ചു. ശബരിമല പ്രക്ഷോഭ കാലത്തെ സാഹചര്യമല്ല ഇപ്പോഴെന്നാണ് വിശദീകരണം.
അതേ സമയം സംഘടനയുടെ രാഷ്ട്രീയ നിലപാട് സമദൂരം തന്നെയായിരിക്കുമെന്ന് വ്യക്തമാക്കി. പലയിടത്തും അംഗങ്ങൾ രാജിക്കത്ത് നൽകുമ്പോൾ പ്രതിനിധി സഭയുടെ പിന്തുണ സുകുമാരൻ നായർക്ക് നേട്ടമായി. അതേ സമയം വിശ്വാസപ്രശ്നത്തിൽ ഇടത് ചായ് വിൽ കോൺഗ്രസിൽ പല അഭിപ്രായമുണ്ട്. അനുനയം വേണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുമ്പോൾ എൻഎസ്എസ് അവരുടെ നിലപാട് എടുക്കട്ടെ പാർട്ടി പാർട്ടിയുടെ നിലപാടുമായി പോകട്ടെ എന്നാണ് സതീശൻറെ സമീപനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam