
കോട്ടയം: ബാർ കോഴ വിവാദത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ മകൻ അർജുൻ രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടീസ്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. കോഴ ആരോപണം ഉയർന്ന ഇടുക്കിയിലെ ബാർ ഉടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗമാണ് അർജുൻ രാധാകൃഷ്ണൻ എന്നാണ് ക്രൈംബ്രാഞ്ചിൻറെ വാദം.
ബാർ കോഴ വിവാദത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് മന്ത്രി എം ബി രാജേഷിൻറെ പരാതിയിലാണ് ക്രൈംബ്രാഞ്ച് അർജുൻ രാധാകൃഷ്ണന് നോട്ടീസ് അയച്ചത്. വിവാദ ശബ്ദ സന്ദേശം പുറത്തുവന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ അർജുൻ രാധാകൃഷ്ണൻ ഉണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ പലതവണ അന്വേഷണത്തോട് സഹകരിക്കാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. ഫോണിൽ ബന്ധപ്പെട്ടിട്ടും ചോദിച്ച വിവരങ്ങൾ നൽകാത്തതിനെ തുടർന്നാണ് അർജുനെ നേരിട്ട് വിളിച്ചു വരുത്തുന്നതെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. വിവാദ ശബ്ദ സന്ദേശം എങ്ങനെ പുറത്തുവന്നു എന്നത് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. അർജുൻ ഉപയോഗിക്കുന്ന ഫോൺ നമ്പർ ഇടുക്കിയിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉണ്ടെന്നും ഈ നമ്പറിലേ പ്രൊഫൈൽ ചിത്രം മറ്റൊരാളുടേതാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ഇതിന്റെ നിജസ്ഥിതി അടക്കം പരിശോധിക്കാനാണ് നോട്ടീസ് നൽകി വിളിച്ചുവരുത്തുന്നത്. അർജുന്റെ ഭാര്യ പിതാവ് ബാർ ഉടമകളുടെ സംഘടനയിലെ അംഗവും വാട്സ്ആപ്പ് ഗ്രൂപ്പിന്റെ മുൻ അഡ്മിനും ആയിരുന്നു. എന്നാൽ ബാറുമകളുടെ സംഘടനയുമായി ഒരു ബന്ധമില്ലെന്നും വാട്സ്ആപ്പ് ഗ്രൂപ്പിലുള്ളത് തന്റെ നമ്പർ അല്ലെന്നുമാണ് അർജുന്റെ വിശദീകരണം.
സംസ്ഥാനതെ പ്രമുഖ കോൺഗ്രസ് നേതാവിന്റെ മകനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിലൂടെ ബാർ കോഴ വിവാദം രാഷ്ട്രീയമായി വഴിതിരിച്ചുവിടാനുള്ള ശ്രമം ആണെന്നാണ് പ്രതിപക്ഷ വിമർശനം. കഴിഞ്ഞ ദിവസം അടിയന്തരപ്രമേയ അനുമതി തേടിയ സമയത്ത് പ്രതിയെ വാദിയാക്കി കേസന്വേഷണമായി മുന്നോട്ട് പോവുകയാണ് ക്രൈംബ്രാഞ്ച് എന്നാണ് പ്രതിപക്ഷം പറഞ്ഞത്. നോട്ടീസ് അയക്കലും ചോദ്യം ചെയ്യലുമായി ക്രൈംബ്രാഞ്ച് മുന്നോട്ടുപോകുമ്പോഴും വിവാദ ശബ്ദ സന്ദേശത്തിൽ പറയുന്ന പണമിടപാടിനെ സംബന്ധിച്ച് ഇതുവരെയും ഒരു അന്വേഷണവും ഉണ്ടായിട്ടില്ല. ബാർ ഉടമകളുടെ സംസ്ഥാന പ്രസിഡന്റിനെ ചോദ്യം ചെയ്യാനും തയ്യാറായിട്ടില്ല.