റോയിയുടെ മരണം മുന്നോട്ടുള്ള പ്രവർത്തനത്തെ ബാധിക്കില്ലെന്നും നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും കോൺഫിഡന്റ് ​ഗ്രൂപ്പ് എംഡി ടി.എ.ജോസഫ്. റോയി കൈകാര്യം ചെയ്തിരുന്നത് ബംഗളുരുവിലെ കാര്യങ്ങൾ മാത്രമാണ്.

ബെംഗളൂരു: ഡോക്ടർ സി. ജെ. റോയിയുടെ മരണം മുന്നോട്ടുള്ള പ്രവർത്തനത്തെ ബാധിക്കില്ലെന്നും നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും കോൺഫിഡന്റ് ഗ്രൂപ്പ്. തങ്ങളുടെ പക്കൽ ആരുടെയും കള്ളപ്പണം ഇല്ലെന്നും കോൺഫിഡന്റ് ഗ്രൂപ്പിന് പിന്നാലെ ഇഡിയോ സിബിഐയെ ഇല്ലെന്നും മാനേജിംഗ് ഡയറക്ടർ ടി.എ.ജോസഫ് വ്യക്തമാക്കി. റോയിയുടെ മരണത്തിന് ശേഷം ഇതാദ്യമായാണ് കോൺഫിഡന്റ് ഗ്രൂപ്പ് വിശദീകരണവുമായി രംഗത്തെത്തുന്നത്.

Add Asianetnews as a Preferred SourcegooglePreferred

സി. ജെ. റോയ് ബെംഗളൂരുവിലെ ഓഫീസിൽ വെടിയുതിർത്ത് മരിച്ച് ഏഴാം ദിവസമാണ് കോൺഫിഡന്റ് ഗ്രൂപ്പിൽ നിന്ന് ഔദ്യോഗികമായ ഒരു വിശദീകരണം പുറത്തുവരുന്നത്. റോയിയുടെ മരണവുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള ഊഹോപോഹങ്ങളെ വിശ്വസിക്കരുതെന്നും ആശങ്ക വേണ്ടെന്നുമാണ് നിക്ഷേപകരോടുള്ള വിഡിയോയിൽ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ആഹ്വാനം. റോയിയുടെ മരണം ഒരുതരത്തിലും ഗ്രൂപ്പിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും ഗ്രൂപ്പ് എംഡി ടി.എ.ജോസഫ് വ്യക്തമാക്കി.

ബെംഗളൂരുവിൽ നേരിട്ടല്ല കോൺഫിഡന്റ് ഗ്രൂപ്പ് നിർമാണ പ്രവർത്തനങ്ങളിൽ ഇടപെട്ടിരുന്നത്. റോയി മേൽനോട്ടം വഹിച്ചിരുന്നത് ഇവിടുത്തെ പ്രവർത്തനങ്ങളുടെ മാത്രമായിരുന്നു. കേരളത്തിലെ സമ്പൂര്‍ണ ചുമതല തനിക്കായിരുന്നു. അത് ഇനിയും അങ്ങനെ തന്നെ തുടരുമെന്നും ടി.എ.ജോസഫ് വ്യക്തമാക്കി. റോയിയുടെ മരണത്തിന് ശേഷം ചില യൂട്യൂബ് ചാനലുകൾ കള്ളം പ്രചരിപ്പിക്കുകയാണെന്നും മരിച്ചിട്ടും വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

റോയിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഇതിനിടയിലും തുടരുകയാണ്. സി.ജെ.റോയിയെ ചോദ്യം ചെയ്തിട്ടില്ലെന്നും റെയ്ഡുകൾ നടത്തുക മാത്രമാണ് ചെയ്തതെന്നും കൊച്ചിയിൽ നിന്നെത്തിയ ആദായനികുതി വകുപ്പുദ്യോഗസ്ഥർ പ്രത്യേക സംഘത്തിന് മൊഴി നൽകി. ജനുവരി 30ന് റോയി ഓഫീസിൽ എത്തിയപ്പോൾ മാത്രമാണ് നോട്ടീസ് നൽകിയതെന്നും ഇത് കൈപ്പറ്റി റോയ് സ്വന്തം മുറിയിലേക്ക് പോകുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു. പരിശോധനയിൽ ബോധ്യപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുത്തി അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് തങ്ങൾ എത്തിയതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. റോയിയുടെ സാമ്പത്തിക ഇടപാടുകളിൽ പരിശോധന തുടരുകയാണ് പ്രത്യേക അന്വേഷണ സംഘം.

സിജെ റോയിയെ മരിച്ചിട്ടും ചിലർ വേട്ടയാടുന്നു: കോൺഫിഡന്റ് ​ഗ്രൂപ്പ് എംഡി ടിഎ ജോസഫ്