സലൂണുകൾക്ക് ലൈസൻസ് പുതുക്കി നൽകണമെങ്കിൽ ഇക്കാര്യം ഉറപ്പാക്കണം; കർശന നിർദേശവുമായി മന്ത്രി

Published : Jan 09, 2025, 10:27 PM ISTUpdated : Jan 09, 2025, 10:29 PM IST
സലൂണുകൾക്ക് ലൈസൻസ് പുതുക്കി നൽകണമെങ്കിൽ ഇക്കാര്യം ഉറപ്പാക്കണം; കർശന നിർദേശവുമായി മന്ത്രി

Synopsis

ബാർബർ ഷോപ്പുകൾ, സലൂണുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവയുൾപ്പെടെ ഏകദേശം 27690 സ്ഥാപനങ്ങൾ പ്രതിവർഷം 900 ടൺ മനുഷ്യ മുടി മാലിന്യം ഉൽപ്പാദിപ്പിക്കുന്നുവെന്നാണ് കണക്ക്.

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സലൂണുകളിലും ബാർബർ ഷോപ്പുകളിലും ബ്യൂട്ടി പാർലറുകളിലും സൃഷ്ടിക്കപ്പെടുന്ന മുടി മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർദേശിച്ചു. മേഖലയുമായി ബന്ധപ്പെട്ട വിവിധ സംഘടനാ പ്രതിനിധികളുമായി മന്ത്രി വിശദമായി ചർച്ച ചെയ്തു. എല്ലാ ഷോപ്പുകളും സർക്കാർ അംഗീകരിച്ച ഏജൻസികൾക്ക് മാത്രമേ മാലിന്യം കൈമാറുകയുള്ളൂവെന്ന് സംഘടനകൾ ഉറപ്പു നൽകി. 

സംസ്കരണ പ്ലാന്റുകളുണ്ടെന്നും കൃത്യമായി പ്രവർത്തനം നടത്തുന്നുവെന്നും പൊല്യൂഷൻ കണ്ട്രോൾ ബോർഡും ശുചിത്വ മിഷനും നേരിട്ട് വിലയിരുത്തിയാണ് ഏജൻസികൾക്ക് അംഗീകാരം നൽകുന്നത്. ഇത്തരം ഏജൻസികൾക്ക് മുടി മാലിന്യം കൈമാറുന്നുവെന്ന് ഉറപ്പാക്കി മാത്രമേ അടുത്ത സാമ്പത്തിക വർഷം മുതൽ സലൂൺ വിഭാഗത്തിലുള്ള സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കി നൽകൂ. മുടി മാലിന്യത്തിനൊപ്പം ബ്ലേഡ്, പ്ലാസ്റ്റിക്, ഏപ്രൺ, കോട്ടൺ, ടിഷ്യൂ തുടങ്ങിയ മാലിന്യവും ഇതേ ഏജൻസികൾ തന്നെ ഷോപ്പുകളിൽ നിന്ന് ശേഖരിക്കും. 
കടകളിലെ എല്ലാ അജൈവ മാലിന്യവും ഏജൻസികൾ വഴി ശേഖരിക്കുന്നുവെന്ന് ഉറപ്പാക്കിയ ശേഷം മാത്രം, ഹരിതകർമ്മ സേനയുടെ യൂസർ ഫീസിൽ നിന്ന് ഇത്തരം കടകളെ ഒഴിവാക്കുമെന്ന് മന്ത്രി അറിയിച്ചു. അതേസമയം ഭക്ഷണ മാലിന്യം, സാനിറ്ററി മാലിന്യം എന്നിവ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിൽ ഹരിതകർമ്മ സേനയ്ക്ക് പണം നൽകണമെന്നും യോഗത്തിൽ ധാരണയായി. നിലവിൽ ഏജൻസികളുടെ ഫീസ് നിരക്കുകൾ ഉയർന്നതാണെന്ന സംഘടനകളുടെ പരാതി വിശദമായി പരിശോധിക്കാൻ ശുചിത്വമിഷനെ മന്ത്രി ചുമതലപ്പെടുത്തി. 

മാലിന്യത്തിന്‍റെ അളവ് കണക്കാക്കി ഫീസ് ഘടന നിശ്ചയിച്ചുനൽകും. സംസ്ഥാനത്ത് ലൈസൻസുള്ള 27,690 സ്ഥാപനങ്ങളിൽ എണ്ണായിരത്തോളം എണ്ണം മാത്രമാണ് നിലവിൽ ശാസ്ത്രീയമായ സംസ്കരണത്തിന് മാലിന്യം കൈമാറുന്നുള്ളൂ. എല്ലാ സ്ഥാപനങ്ങളെയും ഈ പരിധിയിൽ എത്തിക്കാൻ സംഘടനകളുടെ സഹകരണം മന്ത്രി അഭ്യർഥിച്ചു. മാലിന്യമുക്തം നവകേരളം ക്യാംപയിനിൽ സർക്കാരിനൊപ്പം അണിനിരന്ന്, എല്ലാ ഷോപ്പുകളും അംഗീകൃത ഏജൻസികൾക്ക് മാലിന്യം കൈമാറുന്നുവെന്ന് ഉറപ്പാക്കുമെന്ന് എല്ലാ സംഘടനകളും മന്ത്രിയോട് പറഞ്ഞു. 

ശാസ്ത്രീയ സംസ്കരണത്തിന്റെ അനിവാര്യത

ബാർബർ ഷോപ്പുകൾ, സലൂണുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവയുൾപ്പെടെ ഏകദേശം 27690 സ്ഥാപനങ്ങൾ പ്രതിവർഷം 900 ടൺ മനുഷ്യ മുടി മാലിന്യം ഉൽപ്പാദിപ്പിക്കപ്പെടുന്നതായാണ് ഏകദേശ കണക്ക്. മുടി മാലിന്യം വെള്ളം അധികം വലിച്ചെടുക്കാത്തത് കൊണ്ട് തന്നെ ഏതാണ്ട് ഒന്ന് മുതൽ രണ്ട് വർഷം വരെ എടുത്താണ് മണ്ണിലേക്ക് വിഘടിച്ച് ചേരുന്നത്. അതുകൊണ്ട് തന്നെ പലയിടങ്ങളിലും ജലസ്രോതസുകളിലേക്കും  പൊതുയിടങ്ങളിലും തള്ളുന്നതും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതുമൂലം വെള്ളത്തിൽ നൈട്രജന്റെ അളവ് കൂടുകയും യൂട്രോഫികേഷന് കാരണമാവുകയും ചെയ്യുന്നു. കൂടാതെ മുടി മാലിന്യം കത്തിക്കുകയാണെങ്കിൽ അതിൽ നിന്നും  അമോണിയ, ഹൈഡ്രജൻ സൾഫൈഡ്, സൾഫർ ഡയോക്സൈഡ് പോലുള്ള വിഷ വാതകങ്ങൾ ഉണ്ടാകുന്നു. അത് കൊണ്ട് തന്നെ ശാസ്ത്രീയമായി മുടി മാലിന്യം സംസ്കരിക്കേണ്ടത് അത്യാവശ്യമാണ്.

മുടി മാലിന്യം- സംസ്കരണവും പുനരുപയോഗ സാധ്യതയും

ഒരു പരിധി വരെ മുടി പുനരുപയോഗിക്കാൻ സാധിക്കും. സൗന്ദര്യവർദ്ധക, ഫാഷൻ മേഖലകളിൽ ഹെയർ എക്സ്റ്റൻഷൻ, വിഗ്ഗുകൾ, കൺപീലികൾ, മീശ, താടി, മറ്റ് സൗന്ദര്യവർദ്ധക സാധനങ്ങളായി മുടി മാലിന്യം പുനരുപയോഗിക്കുന്നു. കൂടാതെ ഷാംപൂകൾ, എണ്ണകൾ, കണ്ടീഷണറുകൾ, ചായങ്ങൾ മുതലായവയുടെ ഗുണ നിലവാരം പരീക്ഷിക്കുന്നതിനായി റീസൈക്കിൾ ചെയ്ത മുടി ഉപയോഗിക്കുന്നു.  കൂടാതെ  പുനരുപയോഗിക്കാൻ കഴിയാത്ത മുടി മാലിന്യം വളമാക്കി മാറ്റുന്നതിനുള്ള ടെക്നോളജിയും ഇന്ന് നിലവിലുണ്ട്. വളമാക്കി മാറ്റുന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

മുകളിൽ സിമന്‍റ് കല്ല്, താഴെ 1200 ലിറ്റർ ടാങ്ക്, എത്തിക്കുന്നത് മാഹിയിൽ നിന്ന്; അനധികൃത ഡീസല്‍ ലോറി പിടിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ